ന്യൂഡൽഹി : 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതികളായ ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് 2020 മുതൽ ജയിലിൽ കഴിയുന്ന പ്രതികൾക്ക് വിചാരണക്കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.(Supreme Court to hear bail plea of Umar Khalid and others again today)
പ്രതികൾക്കെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റം നിലനിൽക്കുന്നതല്ലെന്നാണ് പ്രതിഭാഗം കഴിഞ്ഞ ദിവസം വാദിച്ചത്. കേസിൽ വാദിച്ച മീരാൻ ഹൈദറിനെ ഗൂഢാലോചന കുറ്റത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് അഭിഭാഷകൻ സിദ്ധാർഥ് അഗർവാൾ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ തെളിവായി സമർപ്പിച്ച ഫോട്ടോയിൽ മീരാൻ ഹൈദർ ഇല്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ ഫോട്ടോയിൽ വ്യക്തത കുറവുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി.
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ സൽമാൻ ഖുർഷിദാണ് ഷിഫാ ഉർ റഹ്‌മാന് വേണ്ടി ഹാജരായത്. വ്യക്തമായ ഒരു തെളിവും ഇല്ലാതെയാണ് കേസിൽ ഉൾപ്പെടുത്തിയതെന്നും, വിചാരണ ഇല്ലാതെ 5 വർഷവും 7 മാസവുമായി ജയിലിൽ കഴിയുകയാണെന്നും അദ്ദേഹം വാദിച്ചു. പ്രതികളുടെ വാദം ഇന്ന് പൂർത്തിയായാൽ, തുടർന്ന് ഡൽഹി പോലീസിന്റെ വാദം സുപ്രീം കോടതി കേൾക്കും.
പൗരത്വ ഭേദഗതി നിയമം (CAA), ദേശീയ പൗരത്വ രജിസ്റ്റർ (NRC) എന്നിവയ്‌ക്കെതിരായ പ്രതിഷേധങ്ങൾക്കിടെയാണ് 2020 ഫെബ്രുവരിയിൽ ഡൽഹിയിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്. ഈ അക്രമങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ചാണ് ഉമർ ഖാലിദ് അടക്കമുള്ള വിദ്യാർത്ഥി നേതാക്കളെ അറസ്റ്റ് ചെയ്തതും യുഎപിഎ (UAPA) ചുമത്തിയതും. 2020 സെപ്റ്റംബറിലാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്.