ന്യൂഡൽഹി : രാജ്യത്തെ റോഡുകളിൽ ഓടുന്ന പകുതിയിലേറെ വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ലെന്ന വിവരം കേട്ട് സുപ്രീം കോടതി ഞെട്ടൽ രേഖപ്പെടുത്തി. തെലങ്കാനയിലെ വാഹനാപകടക്കേസിൽ നഷ്ടപരിഹാരം വിധിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ മുതിർന്ന അഭിഭാഷകൻ ജോയ് ബസുവാണ് ഈ വിവരം കോടതിയെ അറിയിച്ചത്.(Supreme Court shocked by number of uninsured vehicles)
ജസ്റ്റിസ് സഞ്ജയ് കരോളിൻ്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. "എൻ്റെ ദൈവമേ, 50 ശതമാനമോ?" എന്നായിരുന്നു ഈ കണക്ക് കേട്ടപ്പോൾ ജസ്റ്റിസ് സഞ്ജയ് കരോളിൻ്റെ പ്രതികരണം. ഇത്രയധികം വാഹനങ്ങൾ ഇൻഷുറൻസില്ലാതെ ഓടുന്നതിൽ നടപടി വേണമെന്ന് ജോയ് ബസു ആവശ്യപ്പെട്ടപ്പോൾ, അതു ചെയ്യാമെന്ന് കോടതി സമ്മതിച്ചു.
ഇൻഷുറൻസ് ഇല്ലാത്തതിൻ്റെ പേരിൽ ചലാൻ ചുമത്തിയിട്ടും അടയ്ക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ നൽകാൻ ആലോചിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ 22 ഇൻഷുറൻസ് കമ്പനികൾ, ഇൻഷുറൻസ് നിയന്ത്രണ വികസന അതോറിറ്റി (ഐ.ആർ.ഡി.എ.ഐ.), ജനറൽ ഇൻഷുറൻസ് കൗൺസിൽ എന്നിവരുമായി ജഡ്ജിമാർ സംസാരിച്ചിരുന്നു.
ഈ വിഷയത്തിൽ കേന്ദ്ര ഗതാഗത മന്ത്രാലയത്തെയും കക്ഷി ചേർക്കണമെന്ന നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. കേസിൽ കോടതിയെ സഹായിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ അർച്ചന പാഠക് ദവെയോടും കോടതി അഭ്യർഥിച്ചു.