ന്യൂഡല്‍ഹി: സമൂഹത്തിലെ ഐക്യം തകര്‍ക്കുന്ന തരത്തില്‍ ഗാനം പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി ഇമ്രാന്‍ പ്രതാപ്ഗരിയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആര്‍ സുപ്രീം കോടതി റദ്ദാക്കി. സാമൂഹിക മാധ്യമങ്ങളിലെ ഐക്യം തകര്‍ക്കുന്ന തരത്തില്‍ പോസ്റ്റ് ചെയ്തതിനെതിരെ ഗുജറാത്ത് പോലീസ് കേസെടുത്തിരുന്നു. എന്നാൽ, എംപി ചെയ്തത് ഒരു കുറ്റകൃത്യമല്ലെന്ന് ജസ്റ്റിസ് അഭയ് ഓക്ക, ജസ്റ്റിസ് ഉജ്ജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
മാന്യമായ ജീവിതത്തിന് ആവിഷ്‌കാര സ്വാതന്ത്ര്യം അത്യാവശ്യമാണ്. സാഹിത്യം, കല, ആക്ഷേപഹാസ്യം എന്നിവ ജീവിതത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നുവെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ഓക്ക പറഞ്ഞു.
കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഗര്‍ഹി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം കൈകള്‍ വീശി നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ മേല്‍ പുഷ്പപങ്ങൾ വര്‍ഷിക്കുന്നത് കാണാം. 46 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയുടെ പശ്ചാത്തലത്തില്‍ 'ഏ ഖൂം കെ പ്യാസേ ബാത് സുനോ' എന്ന ഗാനവും ഉണ്ടായിരുന്നു. ഈ ഗാനത്തിന്റെ പേരിലാണ് ഗുജറാത്ത് പോലീസ് കോണ്‍ഗ്രസ് എംപിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. ഗാനത്തിലെ വരികള്‍ പ്രകോപനപരവും ദേശീയ ഐക്യത്തിന് ഹാനികരവും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നാണ് ഗുജറാത്ത് പോലീസ് ആരോപിച്ചിരുന്നത്.