

ന്യൂഡൽഹി: നീണ്ടകാലത്തെ ദാമ്പത്യ തർക്കത്തിൽ അസാധാരണമായ ഒത്തുതീർപ്പിന് തയ്യാറായ ഭാര്യയെ പ്രശംസിച്ച് സുപ്രീം കോടതി. ഭർത്താവിൽ നിന്ന് ജീവനാംശമോ സംരക്ഷണച്ചെലവോ ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും ഭർതൃവീട്ടിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ തിരികെ നൽകാൻ തയ്യാറാവുകയും ചെയ്ത നടപടിയെ 'അപൂർവ്വമായ ഒത്തുതീർപ്പ്' എന്നാണ് കോടതി വിശേഷിപ്പിച്ചത്.(Supreme Court praises woman who refused alimony from husband after divorce)
ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. ഒത്തുതീർപ്പ് വ്യവസ്ഥകൾക്ക് ഇരു കക്ഷികളും സമ്മതം അറിയിച്ചതായി കോടതി രേഖപ്പെടുത്തി. ഭർത്താവിൽ നിന്ന് ഒരു സാമ്പത്തിക ക്ലെയിമുകളും ഭാര്യ ആവശ്യപ്പെട്ടിട്ടില്ല. ഇത്തരം കേസുകളിൽ ഇത് അത്യപൂർവമാണ് എന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
സൗഹൃദപരമായ ഈ ഒത്തുതീർപ്പിന്റെ ഭാഗമായി, ഭർത്താവിന്റെ അമ്മയുടേതായിരുന്നതും വിവാഹ സമയത്ത് സമ്മാനമായി ലഭിച്ചതുമായ സ്വർണ്ണ വളകൾ ഭാര്യ തിരികെ നൽകിയിരുന്നു. ദമ്പതികൾ ആദ്യം കോടതിയെ സമീപിച്ചപ്പോൾ, സുപ്രീം കോടതി മധ്യസ്ഥതാ കേന്ദ്രത്തിൽ ചർച്ചകൾ പരിഗണിക്കാൻ ബെഞ്ച് നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് മധ്യസ്ഥത വിജയകരമായി പൂർത്തിയാക്കി ഇരുവരും കോടതിയെ സമീപിച്ചത്.
ഒത്തുതീർപ്പിന്റെ ഭാഗമായി ഭർത്താവിൽ നിന്ന് ഒരു സാമ്പത്തിക സഹായവും ആവശ്യപ്പെടാത്ത ഭാര്യയുടെ നിലപാടിനെ കോടതി പ്രത്യേകം പ്രശംസിച്ചു. "കുറഞ്ഞ കാലയളവിനുള്ളിൽ ഞങ്ങൾ കണ്ടുവരുന്ന അപൂർവമായ ഒത്തുതീർപ്പുകളിൽ ഒന്നാണിത്, കാരണം ഭാര്യ ഭർത്താവിൽ നിന്ന് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഈ ദിവസങ്ങളിൽ കാണാൻ വളരെ പ്രയാസമുള്ള ഈ നല്ല മനസ്സിനെ ഞങ്ങൾ അഭിനന്ദിക്കുന്നു,"സുപ്രീം കോടതി ബെഞ്ച് അറിയിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് വിവാഹബന്ധം വേർപെടുത്തിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്.