ഡൽഹി : കരൂർ ദുരന്തത്തിൽ സുപ്രീംകോടതി ഉത്തരവിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. തമിഴ്നാട് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണം സുപ്രീംകോടതി തടഞ്ഞു.രേഖകൾ സിബിഐക്ക് കൈമാറാനും കോടതി നിർദ്ദേശിച്ചു.
സിബിഐ അന്വേഷണത്തോട് സർക്കാർ പൂർണമായും സഹകരിക്കണമെന്ന് നിർദേശം.സർക്കാർ നിയോഗിച്ച വിരമിച്ച ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിൽ ഉള്ള ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണമാണ് തടഞ്ഞത്.
41 പേർ മരിച്ച അപകടത്തിൽ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം പൗരന്മാരുടെ അവകാശമാണെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ദുരന്തത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി അന്വേഷം സിബിഐക്ക് സുപ്രീംകോടതി കൈമാറുകയായിരുന്നു.
സിബിഐ അന്വേഷണത്തിൽ വിരമിച്ച സുപ്രീംകോടതി ജഡ്ജി അജയ് റസ്തോഗിയുടെ നേതൃത്വത്തിൽ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ അടങ്ങിയ സമിതി മേൽനോട്ടം നിർവഹിക്കും.സുപ്രീംകോടതി ഉത്തരവിൽ മദ്രാസ് ഹൈക്കോടതി നടപടികളെ വിമർശിക്കുകയും ചെയ്തു.