

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന 'ഡിജിറ്റൽ അറസ്റ്റ്' ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പുകളിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്താൻ സുപ്രീം കോടതി നിർദേശിച്ചു. കോടതി സ്വമേധയാ എടുത്ത കേസിലാണ് സുപ്രധാന നടപടി. തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അന്വേഷിക്കാൻ സി.ബി.ഐ.ക്ക് നിർദേശം നൽകി.(Supreme Court orders CBI probe in Digital arrest scam0
തട്ടിപ്പിന് പിന്നിലെ ബാങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷിക്കാൻ സി.ബി.ഐ.ക്ക് സ്വതന്ത്ര അധികാരമുണ്ടാകും. തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്ന 'മ്യൂൾ അക്കൗണ്ടുകൾ' തിരിച്ചറിയുന്നതിന് കോടതി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായം തേടും. വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ കോടതി സി.ബി.ഐക്ക് രണ്ടാഴ്ച സമയം അനുവദിച്ചു.
ഐ.ടി. അതോറിറ്റി സി.ബി.ഐ. അന്വേഷണത്തിന് എല്ലാ സഹായങ്ങളും നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. തട്ടിപ്പിന്റെ വ്യാപ്തി രാജ്യത്തിന് പുറത്തേക്കും നീളുന്നതിനാൽ സി.ബി.ഐ.ക്ക് ആവശ്യമെങ്കിൽ ഇന്റർപോളിന്റെ സഹായം തേടാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ സൈബർ കുറ്റകൃത്യ കേന്ദ്രങ്ങൾ വേഗത്തിൽ സ്ഥാപിക്കണം. സ്ഥാപിക്കുന്നതിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് കോടതിയെ അറിയിക്കണം. മറ്റ് സ്വഭാവത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ നിയന്ത്രിക്കണം എന്ന് പിന്നീട് തീരുമാനിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
സിം കാർഡുകൾ വൻതോതിൽ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ഒരു നിർദ്ദേശം സമർപ്പിക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനോട് ബെഞ്ച് ആവശ്യപ്പെട്ടു. മ്യൂൾ അക്കൗണ്ടുകൾ തിരിച്ചറിയുന്നതിനും നിയമവിരുദ്ധമായ വരുമാനം മരവിപ്പിക്കുന്നതിനും തട്ടിപ്പിന്റെ വ്യാപനവും കുറ്റകൃത്യങ്ങളിലൂടെയുള്ള വരുമാനം വെളുപ്പിക്കുന്നതും തടയുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML) ഉപകരണങ്ങൾ എന്നിവയുടെ വിന്യാസം പര്യവേക്ഷണം ചെയ്യുന്നതിന് ആർ.ബി.ഐ.യുടെ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു.