ന്യൂഡൽഹി: കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശങ്ങൾ നൽകിയത്.(Supreme Court on petitions regarding SIR in Kerala)
കരട് വോട്ടർ പട്ടികയിൽ നിന്ന് ആരുടെയൊക്കെ പേരുകൾ ഒഴിവാക്കപ്പെട്ടുവോ, അവരുടെ വിവരങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലോ മറ്റ് പൊതു ഓഫീസുകളിലോ വെബ്‌സൈറ്റിലോ പരസ്യമായി പ്രദർശിപ്പിക്കണം. പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെതിരെ പരാതികൾ സമർപ്പിക്കാനുള്ള സമയം നീട്ടി നൽകുന്ന കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി പരിഗണിക്കണം.
ഒഴിവാക്കപ്പെട്ടവർക്ക് തങ്ങൾ എന്തിനാണ് ഒഴിവാക്കപ്പെട്ടതെന്ന് ബോധ്യപ്പെടാനും അത് തിരുത്താനുമുള്ള അവസരം നഷ്ടപ്പെടരുതെന്ന് കോടതി വ്യക്തമാക്കി. കരട് പട്ടിക പ്രകാരം ഏകദേശം 24 ലക്ഷം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഒഴിവാക്കപ്പെട്ടവരുടെ പ്രത്യേക പട്ടിക ലഭ്യമല്ലാത്തതിനാൽ ആളുകൾക്ക് തങ്ങളുടെ പേര് നീക്കം ചെയ്തതിനെതിരെ പരാതി നൽകാൻ സാധിക്കുന്നില്ല.
ജീവിച്ചിരിക്കുന്ന പലരെയും 'മരിച്ചവർ' എന്നും സംസ്ഥാനത്തിന് പുറത്തുള്ളവർ എന്നും രേഖപ്പെടുത്തിയാണ് ഒഴിവാക്കിയതെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. നേരത്തെ ഡിസംബർ 4-ൽ നിന്ന് ഡിസംബർ 18 വരെ സമയം നീട്ടിയിരുന്നുവെങ്കിലും, പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് തീയതി ഇനിയും നീട്ടുന്നത് അഭികാമ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.