
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകക്കേസിൽ കോടതി നടപടികള്‍ ലൈവ് സ്ട്രീം ചെയ്യുന്നത് നിര്‍ത്തണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. പൊതുതാൽപര്യമുള്ള വിഷയമാണിതെന്ന് പറഞ്ഞ കോടതി, എന്താണ് കോടതി മുറിയില്‍ നടക്കുന്നതെന്ന് പൊതു ജനങ്ങള്‍ കാണട്ടെയെന്നും കൂട്ടിച്ചേർത്തു.(Supreme court on Kolkata doctor's murder case)
പ്രതികരണം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ചിൻറേതാണ്. സുപ്രീംകോടതി പരിഗണിച്ചത് കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിൽ പി ജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ്.
ബംഗാള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചപ്പോൾ തന്നെ ലൈവ് സ്ട്രീമിംഗ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോടതി ഇത് അംഗീകരിക്കാതെ ഇരിക്കുകയായിരുന്നു.
കപിൽ സിബൽ ചൂണ്ടിക്കാട്ടിയത് വനിതാ അഭിഭാഷകർക്ക് നേരെ ഭീഷണിയുണ്ടെന്നും, അവർക്ക് നേരെ ആസിഡ് ആക്രമണവും, ബലാത്സംഗമുൾപ്പെടെയുള്ള ഭീഷണികളുമാണ് ഉയരുന്നതെന്നുമാണ്. എന്നാൽ, ഇക്കാര്യത്തിൽ കോടതി ഇടപെടുന്നതായിരിക്കുമെന്ന് ബെഞ്ച് ഉറപ്പു നൽകി.