ബെംഗളൂരു: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേളയിൽ സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് ബെംഗളൂരുവിൽ നിയമ സഹായ വേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കേസിലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിരമിച്ച ജഡ്ജിമാർ, അഭിഭാഷകർ, നിയമവിദ്യാർത്ഥികൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.(Supreme Court guidelines were violated in the trial, Legal aid society in Bengaluru supports survivor in actress assault case)
ഇത്തരം കേസുകളിൽ ഇരകളെ വിചാരണ ചെയ്യുമ്പോൾ പാലിക്കേണ്ട സുപ്രീംകോടതിയുടെ അടിസ്ഥാന നിയമങ്ങൾ പോലും ലംഘിക്കപ്പെട്ടു. 2022-ൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ വിചാരണവേളയിൽ പാലിക്കപ്പെട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി.
വിചാരണാവേളയിൽ അതിജീവിതയ്ക്ക് കോടതി മുറിക്കുള്ളിൽ നേരിടേണ്ടി വന്നത് കടുത്ത മാനസിക സമ്മർദ്ദമാണെന്നും നിയമവിദഗ്ധർ ആരോപിച്ചു. ഈ നീതിനിഷേധം ചോദ്യം ചെയ്യാൻ നടി തയ്യാറായാൽ എല്ലാ പിന്തുണയും നൽകുമെന്ന് കൂട്ടായ്മ പ്രഖ്യാപിച്ചു. വിചാരണാ നടപടികളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി പുതിയ മാർഗനിർദേശങ്ങൾ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് നിയമ സഹായ വേദിയുടെ തീരുമാനം.
വിചാരണാ വേളയിലെ പോരായ്മകളും അതിജീവിത നേരിടുന്ന അവഗണനയും വ്യക്തമാക്കുന്നതിനായി അഭിഭാഷകർ തന്നെ തെരുവുനാടകം അവതരിപ്പിച്ചു. പങ്കെടുത്തവർ അതിജീവിതയോടുള്ള പിന്തുണ സ്വന്തം കൈപ്പടയിൽ എഴുതി അറിയിക്കുകയും ചെയ്തു. 'നീ തീയാണ്' എന്ന മുദ്രാവാക്യമുയർത്തി നടന്ന പരിപാടിയിൽ മലയാളികൾക്ക് പുറമെ ഇതരഭാഷാ നിയമവിദഗ്ധരും സജീവമായി പങ്കെടുത്തു.