ന്യൂഡൽഹി: കേരളത്തിലെ സർവ്വകലാശാലകളിലെ വൈസ് ചാൻസലർ (വി.സി.) നിയമനം വൈകുന്നതിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. വി.സി. നിയമനത്തിനായുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കോടതി നിർദേശം നൽകി. ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലകളിലെ വി.സി. നിയമനം വൈകുന്നതിലാണ് ജസ്റ്റിസ് ജെ.ബി. പാർദിവാല അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടൽ.(Supreme Court expresses dissatisfaction over delay in appointment of VCs in Kerala universities)
നിയമനത്തിനായി നൽകിയ റിപ്പോർട്ട് വെറും 'കടലാസ് കഷണം അല്ല' എന്ന് സുപ്രീം കോടതി ഓർമ്മിപ്പിച്ചു. നിയമന നടപടികൾ ഉടൻ പൂർത്തിയാക്കണമെന്നും കോടതി നിർദേശം നൽകി. എന്നാൽ, നിയമനവുമായി ബന്ധപ്പെട്ട പൂർണ്ണമായ രേഖകൾ ഇതുവരെ കിട്ടിയിട്ടില്ലെന്ന് ഗവർണർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വി.സി. നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഏറ്റുമുട്ടൽ തുടർന്നതിനെത്തുടർന്നാണ് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയയെ സെർച്ച് കമ്മിറ്റിയുടെ ചെയർമാനായി സുപ്രീം കോടതി നിയോഗിച്ചത്. രണ്ടു മാസത്തിനുള്ളിൽ നിയമനവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കണം എന്നായിരുന്നു സുപ്രീം കോടതി നേരത്തെ നൽകിയിരുന്ന നിർദ്ദേശം. തീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ ഇന്ന് വിഷയം കോടതിക്ക് മുൻപാകെ ഉന്നയിച്ചത്.