
ന്യൂഡൽഹി: മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ ധൻകറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിന് തിരിച്ചടി. കേസിൽ ഡൽഹി ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കി. സുശീലിനോട് ഒരാഴ്ചക്കകം കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു.
ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സാഗർ ധൻകറിന്‍റെ പിതാവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കഴിഞ്ഞ മാർച്ചിലാണ് താരത്തിന് ഡൽഹി ഹൈക്കോടതി കേസിൽ ജാമ്യം അനുവദിച്ചത്. ഇതിനെതിരെ സാഗറിന്‍റെ പിതാവ് അശോക് ധൻകറാണ് സുപ്രീംകോടതിയെ സമീപിച്ചത്.
2021മേയ് നാലിന് സ്വത്ത് തർക്കത്തിന്റെ പേരിൽ മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ ധൻകറിനെയും സുഹൃത്തുക്കളേയും ഛത്രസാൽ സ്റ്റേഡിയം പാർക്കിങ് ലോട്ടിൽവെച്ച് മർദിച്ചെന്നാണ് കേസ്. ധൻകർ പിന്നീട് മരിച്ചു. മേയ് 23ന് സുശീൽ അറസ്റ്റിലായി. 2021 ജൂൺ മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. സുശീൽ കുമാറിനും മറ്റു 17 പേർക്കുമെതിരെയാണ് ഡൽഹി കോടതി കുറ്റം ചുമത്തിയത്. കൊലപാതകം, കലാപം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
രാജ്യത്തിനു വേണ്ടി ഒളിമ്പിക് മെഡൽ നേടിയ ഗുസ്തി താരങ്ങളിൽ പ്രധാനപ്പെട്ടയാളാണ് സുശീൽ കുമാർ. 2008ലെ ബെയ്ജിങ് ഒളിമ്പിക്സിൽ വെങ്കലവും, നാലു വർഷത്തിനുശേഷം 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു.