

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗർഭിണിയായ സ്ത്രീക്കും അവരുടെ എട്ട് വയസ്സുള്ള കുട്ടിക്കും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ സുപ്രീം കോടതി അനുമതി നൽകി. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിർണായക തീരുമാനം.(Supreme Court allows pregnant woman and son deported to Bangladesh to enter India)
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഗർഭിണിയായ സുനാലി ഖാത്തൂണിനെയും മകൻ സ്വീറ്റി ബീബിയെയും ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കാൻ അധികാരമുള്ള അതോറിറ്റി സമ്മതിച്ചിട്ടുണ്ടെന്നും അവരെ നിരീക്ഷണത്തിൽ പാർപ്പിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഈ പ്രസ്താവന ബെഞ്ച് അംഗീകരിച്ചു.
പശ്ചിമ ബംഗാൾ സർക്കാരിനോട് പ്രായപൂർത്തിയാകാത്ത കുട്ടിയെ പരിപാലിക്കാൻ കോടതി നിർദ്ദേശിച്ചു. സൗജന്യ പ്രസവം ഉൾപ്പെടെ ഖാത്തൂണിന് പൂർണ്ണ വൈദ്യസഹായം ഉറപ്പാക്കാൻ ബിർഭം ജില്ലാ ചീഫ് മെഡിക്കൽ ഓഫീസറോടും കോടതി നിർദ്ദേശിച്ചു. മാനുഷിക പരിഗണനകൾ മാത്രം മുൻനിർത്തി, യാതൊരു അവകാശങ്ങളെയും ബാധിക്കാതെയാണ് സ്ത്രീയെയും കുട്ടിയെയും ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കുന്നത്.
ഡൽഹിയിലെ രോഹിണി സെക്ടർ 26-ൽ ദിവസ വേതനക്കാരായി രണ്ട് പതിറ്റാണ്ടിലേറെയായി താമസിച്ചിരുന്ന കുടുംബമാണിത്. ബംഗ്ലാദേശി പൗരന്മാരാണെന്ന് സംശയിച്ച് 2025 ജൂൺ 18-ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. സുനാലി, ഭർത്താവ് ഡാനിഷ് ഷെയ്ഖ്, മകൻ എന്നിവരെ ജൂൺ 27-ന് ബംഗ്ലാദേശിലേക്ക് നാടുകടത്തി. ഇവരെ നാടുകടത്താനുള്ള സർക്കാർ നീക്കം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്.
ഖത്തൂന്റെ പിതാവിനുവേണ്ടി മുതിർന്ന അഭിഭാഷകരായ കപിൽ സിബലും സഞ്ജയ് ഹെഗ്‌ഡെയും ഹാജരായി. ഖാത്തൂന്റെ ഭർത്താവ് ഉൾപ്പെടെയുള്ള മറ്റുള്ളവരെയും തിരികെ കൊണ്ടുവരാൻ നിർദ്ദേശങ്ങൾ തേടണമെന്ന് അവർ ആവശ്യപ്പെട്ടു. കുടുംബം ബംഗ്ലാദേശി പൗരന്മാരാണെന്നും സ്ത്രീയെയും കുട്ടിയെയും പ്രവേശിപ്പിക്കാനുള്ള തീരുമാനം പൂർണ്ണമായും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇന്ത്യൻ പൗരത്വത്തിനുള്ള അവരുടെ അവകാശവാദത്തെ താൻ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ഡിസംബർ 10-ലേക്ക് മാറ്റിയിട്ടുണ്ട്.