
ഭൂമിയിലേക്ക് തിരിച്ചെത്തുന്ന സുനിത വില്യംസിനെയും, ബുച്ച് വിൽമോറിനെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ഇരുവരുടെയും സുരക്ഷിതമായ വരവിനായി എല്ലാവരും പ്രാർത്ഥിക്കുമ്പോഴും ആരോഗ്യസ്ഥിതിയെപ്പറ്റിയുള്ള ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് പ്രത്യേകിച്ച് ഭൂമിയിലെ ഗുരുത്വാകർഷണവുമായുള്ള പൊരുത്തപ്പെടൽ. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുന്ന യാത്രികർക്ക് പലപ്പോഴും ഉണ്ടാകുന്ന പ്രശ്നമാണ് ഭൂമിയിലെത്തിയാൽ കാലുകൾ ഉറപ്പിച്ച് നിൽക്കാനോ, നടക്കാനോ ഉള്ള ബുദ്ധിമുട്ട്. ശരീരത്തിലെ മൈക്രോഗ്രാവിറ്റിയാണ് ഈ അവസ്ഥയ്ക്ക് കാരണം.
ഭൂമിയിൽ ജീവിക്കുമ്പോൾ ശരീരത്തിന്റെ ചലനത്തിനും, നിവർന്ന് നിൽക്കാനുമായി നമ്മുടെ ശരീരം ഗുരുത്വാകർഷണത്തിന് എതിരെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ബഹിരാകാശത്ത് കാലുകൾ ചലിപ്പിച്ച് നടക്കാൻ കഴിയാത്തതിനാൽ പേശികളുടെയും ,അസ്ഥികളുടെയും പ്രവർത്തനം നഷ്ടപ്പെടും.പിന്നീട് ഭൂമിയിലെത്തുമ്പോൾ നടക്കാൻ ബുദ്ധിമുട്ടുകൾ അനുഭപ്പെടുകയും, ശരീരം ബാലൻസ് ചെയ്യുന്നതിനും,കാര്യങ്ങൾ തിരിച്ചറിയുന്നതിനും,ചെവിയിൽ നിന്നുള്ള സിഗ്നലുകൾ വേർതിരിച്ചറിയുന്നതിനും പ്രയാസം അനുഭവപ്പെട്ടേക്കാം