ജയ്പൂർ: രാജസ്ഥാനിലെ ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട 900 കോടി രൂപയുടെ അഴിമതിക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സുബോധ് അഗർവാളിനെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു ( Subodh Agarwal Arrested). ഡൽഹിയിൽ നിന്നാണ് എസിബി സംഘം അഗർവാളിനെ പിടികൂടിയത്. തുടർന്ന് ജയ്പൂരിലെത്തിച്ച ഇദ്ദേഹത്തെ എസിബി ആസ്ഥാനത്ത് വെച്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓം പ്രകാശ് മീണയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
ജൽ ജീവൻ മിഷൻ കരാറുകൾ ലഭിക്കുന്നതിനായി വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചതാണ് പ്രധാന ആരോപണം. ഗണപതി ട്യൂബ് വെൽ, ശ്യാം ട്യൂബ് വെൽ തുടങ്ങിയ കമ്പനികൾ വ്യാജ രേഖകൾ ഉപയോഗിച്ച് കരാർ നേടിയെടുക്കുകയായിരുന്നു. ഉദ്യോഗസ്ഥർക്ക് ഈ ക്രമക്കേടുകളെക്കുറിച്ച് അറിവുണ്ടായിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് എസിബി കണ്ടെത്തി. 50 കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികൾക്ക് നിർബന്ധമായും നടത്തേണ്ട സൈറ്റ് പരിശോധനകൾ നടത്തിയില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. മുൻ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് പബ്ലിക് ഹെൽത്ത് എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റിൽ (PHED) അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന സമയത്താണ് സുബോധ് അഗർവാൾ ഈ അഴിമതിക്ക് നേതൃത്വം നൽകിയതെന്നാണ് ആരോപണം. 2024-ൽ ആരംഭിച്ച ഈ കേസിൽ ഇതുവരെ 11 പേർ അറസ്റ്റിലായിട്ടുണ്ട്. ഒൻപത് പിഎച്ച്ഇഡി ഉദ്യോഗസ്ഥരെ നേരത്തെ തന്നെ പിടികൂടിയിരുന്നു. സുബോധ് അഗർവാളിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ആഴ്ചകളോളം അദ്ദേഹം അധികൃതരെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു.
ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം എത്തിക്കുന്നതിനായി 2019-ൽ കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് ജൽ ജീവൻ മിഷൻ. ഈ ബൃഹത്തായ പദ്ധതിയിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. അഗർവാളിന്റെ അറസ്റ്റോടെ കേസിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Summary: Former IAS officer Subodh Agarwal has been arrested by the Rajasthan Anti-Corruption Bureau (ACB) in connection with a ₹900 crore scam in the Jal Jeevan Mission (JJM). Agarwal, who was the Additional Chief Secretary of the PHED during the previous government’s tenure, had been absconding for several weeks. The investigation revealed that contracts were awarded to firms using forged certificates, and mandatory inspections were bypassed. So far, 11 people, including several senior engineers, have been arrested in this case.

