

മുംബൈ: മുംബൈയിലെ ആർ.എ. സ്റ്റുഡിയോയിൽ സിനിമാ ഓഡിഷന് എത്തിയ 20 കുട്ടികളെ ബന്ദികളാക്കിയ സംഭവത്തിൽ പ്രതിയായ സ്റ്റുഡിയോ ജീവനക്കാരനെ പോലീസ് വെടിവെച്ചുകൊന്നു. മണിക്കൂറുകൾ നീണ്ട കമാൻഡോ ഓപ്പറേഷനിലൂടെയാണ് കുട്ടികളെ സുരക്ഷിതരായി മോചിപ്പിച്ചത്. മുംബൈയിലെ പൊവായിയിലുള്ള ആർ.എ. സ്റ്റുഡിയോ ജീവനക്കാരനായ രോഹിത് ആര്യയാണ് വ്യാഴാഴ്ച രാവിലെ കുട്ടികളെ ബന്ദികളാക്കിയത്.കുട്ടികളെ ബന്ദികളാക്കിയ വിവരം രോഹിത് ആര്യ വീഡിയോ സന്ദേശത്തിലൂടെയാണ് പുറത്തുവിട്ടത്.തുടർന്ന് അതിസാഹസികമായ നീക്കത്തിനൊടുവിലാണ് പോലീസ് പ്രതിയെ കീഴ്പ്പെടുത്തിയത്.
കമാൻഡോകളും ക്വിക് റെസ്പോൺസ് ടീമും (QRT) ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.സംഘം സ്റ്റുഡിയോയുടെ വാതിൽ തകർത്ത് അകത്തുകയറി.തുടർന്ന് പ്രതിയുടെ കാലിൽ വെടിവെച്ച് കീഴ്പ്പെടുത്തി.കുട്ടികളെ മോചിപ്പിച്ച ശേഷം പ്രതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവെച്ച് ഇയാൾ മരിച്ചതായി പോലീസ് റിപ്പോർട്ട് ചെയ്തു.
പ്രതി പുറത്തുവിട്ട ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിൽ തൻ്റെ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.
"താൻ ആത്മഹത്യ ചെയ്യുന്നില്ല. അതിനുപകരമായാണ് കുട്ടികളെ ബന്ധികളാക്കി വെച്ച് തൻ്റെ ആവശ്യം മുന്നോട്ട് വെക്കുന്നത്."
"ചിലരോട് സംസാരിക്കണം. അതിനുശേഷം കുട്ടികളെ വിട്ടയക്കാം, താൻ ജീവിച്ചിരിക്കുകയാണെങ്കിൽ കുട്ടികളെ താൻതന്നെ മോചിപ്പിക്കും. അധികൃതരുടെ ഭാഗത്തുനിന്നുള്ള തെറ്റായ നീക്കം തന്നെ പ്രകോപിതനാക്കും."എന്നാൽ, ആരോടാണ് സംസാരിക്കേണ്ടതെന്നോ, എന്താണ് ആവശ്യം എന്നോ ഇയാൾ വീഡിയോയിൽ വ്യക്തമാക്കിയിരുന്നില്ല. സംഭവസ്ഥലത്തുനിന്ന് തോക്കും ചില രാസപദാർത്ഥങ്ങളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.