വിദ്യാർത്ഥിയുടെ ആത്മഹത്യ: മാനസിക പീഡനം ആരോപിച്ച് സ്കൂളിലെ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 4 പേരെ സസ്പെൻഡ് ചെയ്തു | Suicide

അധ്യാപകർ ഷൗര്യയെ വഴക്ക് പറയുകയും പരസ്യമായി അപമാനിക്കുകയും ചെയ്തിരുന്നു
Student's suicide, 4 people, including the school headmaster suspended
Published on

ന്യൂഡൽഹി: അധ്യാപകരുടെ മാനസിക പീഡനം കാരണം ജീവനൊടുക്കുന്നുവെന്ന് ആത്മഹത്യാക്കുറിപ്പെഴുതിവെച്ച് ഡൽഹി മെട്രോയ്ക്ക് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ സെന്റ് കൊളമ്പ സ്കൂളിലെ ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്പെൻഡ് ചെയ്തു. കുട്ടിയുടെ അച്ഛൻ നൽകിയ മൊഴിയും ആത്മഹത്യാക്കുറിപ്പിലെ പരാമർശങ്ങളും കണക്കിലെടുത്താണ് സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചത്.(Student's suicide, 4 people, including the school headmaster suspended)

എന്നാൽ, നിലവിലുള്ള നടപടി കണ്ണിൽപൊടിയിടാനുള്ള തന്ത്രമാണെന്നും ഹെഡ്മാസ്റ്ററെയും അധ്യാപകരെയും പിരിച്ചുവിട്ടില്ലെങ്കിൽ സ്കൂളിന് മുന്നിൽ സമരം ചെയ്യുമെന്ന നിലപാടിലാണ് കുട്ടിയുടെ രക്ഷിതാക്കൾ. പ്രശ്നങ്ങൾ അവസാനിക്കുമ്പോൾ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുക്കുമോ എന്ന ഭയവും രക്ഷിതാക്കൾ പങ്കുവെക്കുന്നുണ്ട്.

പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഷൗര്യ പാട്ടിലിന്റെ മരണത്തിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്കൂൾ ബാഗിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ, സ്കൂളിൽ നിന്ന് നേരിടുന്ന മാനസിക പീഡനത്തെക്കുറിച്ച് വ്യക്തമായി എഴുതിയിരുന്നു. സ്കൂളിലെ പീഡനം കാരണമാണ് താൻ കടുംകൈ ചെയ്തതെന്നും, അധ്യാപകർക്കെതിരെ നടപടി വേണമെന്നും ഷൗര്യ ആത്മഹത്യാക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ നവംബർ 18-നാണ് ഷൗര്യ പാട്ടിൽ ജീവനൊടുക്കിയത്. സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ മെട്രോ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തനിക്ക് സംഭവിച്ചത് മറ്റൊരു വിദ്യാർത്ഥിക്കും ഉണ്ടാകാതിരിക്കാൻ അധ്യാപകർക്കെതിരെ നടപടിയെടുക്കണം എന്നതായിരുന്നു ഷൗര്യയുടെ അവസാനത്തെ ആഗ്രഹം.

ഒരു വർഷത്തോളമായി സ്കൂളിലെ അധ്യാപകർ മകനെ പരിഹസിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് ഷൗര്യയുടെ പിതാവ് പ്രദീപ് പാട്ടീൽ ആരോപിച്ചു. ചെറിയ കാര്യങ്ങൾക്ക് പോലും അധ്യാപകർ കുട്ടിയെ നിരന്തരം വഴക്ക് പറയുകയും, പരസ്യമായി അപമാനിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇത് മൂലം മകൻ കടുത്ത മാനസിക സമ്മർദ്ദത്തിലായി.

സ്കൂൾ അധികൃതർക്ക് നിരവധി തവണ പരാതികൾ നൽകിയിട്ടും അധ്യാപകരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായില്ല. മാത്രമല്ല, പരാതി നൽകിയതോടെ കുട്ടിയെ പറഞ്ഞുവിടുമെന്ന നിലപാടാണ് സ്കൂൾ അധികൃതർ സ്വീകരിച്ചത്.

മകൻ ആത്മഹത്യ ചെയ്ത ദിവസം, സ്റ്റേജിലെ ഡാൻസ് പരിശീലനത്തിനിടെ വീണതിന് അധ്യാപകർ ഷൗര്യയെ വഴക്ക് പറയുകയും പരസ്യമായി അപമാനിക്കുകയും ചെയ്തിരുന്നു. സ്റ്റേജിൽ വെച്ച് ഷൗര്യ കരഞ്ഞപ്പോൾ, ഒരു അധ്യാപിക "നിനക്ക് എത്ര വേണമെങ്കിലും കരയാം, എനിക്കൊരു പ്രശ്നവുമില്ല" എന്ന് പറഞ്ഞതായും പിതാവ് പ്രദീപ് പാട്ടീൽ വെളിപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com