

ജോധ്പൂർ: സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവന്ന വിദ്യാർത്ഥിനിയുടെ സ്വകാര്യ വിവരങ്ങൾ പരിശോധിച്ച ആക്ടിങ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥിയുടെ സ്വകാര്യത ലംഘിച്ചു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ നടപടിയെടുത്തത്.(Student's privacy violated, mobile phone checked, Acting principal of PM SHRI School suspended)
ജോധ്പൂരിലെ പി.എം. ശ്രീ മഹാത്മാഗാന്ധി സർക്കാർ സീനിയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ശനിയാഴ്ച സ്കൂളിലെത്തിയ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി മൊബൈൽ ഫോൺ കൊണ്ടുവന്നതിനെത്തുടർന്ന് ആക്ടിങ് പ്രിൻസിപ്പലായ ഷക്കീൽ അഹമ്മദ് ഫോൺ കണ്ടുകെട്ടി. തുടർന്ന്, ഫോൺ അൺലോക്ക് ചെയ്ത് വിദ്യാർത്ഥിനിയുടെ വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം ചാറ്റുകൾ, കോൾ വിവരങ്ങൾ, ഗാലറി എന്നിവ പ്രിൻസിപ്പൽ പരിശോധിച്ചു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഈ പ്രവൃത്തി പ്രിൻസിപ്പൽ രേഖാമൂലം സമ്മതിച്ചിട്ടുണ്ട്. കൂടാതെ, ക്ലാസ്സിൽ അടുത്തിരിക്കുന്ന ഒരു ആൺകുട്ടിയെക്കുറിച്ച് വിദ്യാർത്ഥിനിയോട് അഹമ്മദ് ചോദ്യം ചെയ്തതായും ആരോപണമുയർന്നിട്ടുണ്ട്. സംഭവം പെൺകുട്ടി വീട്ടുകാരെ അറിയിച്ചതോടെ രക്ഷിതാക്കൾ സ്കൂളിലെത്തി ബഹളമുണ്ടാക്കി. ഫോണിലുള്ള സ്വകാര്യ വിവരങ്ങൾ പ്രിൻസിപ്പൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം പരാതി നൽകി.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ലഭിച്ചതോടെ പ്രിൻസിപ്പൽ തൻ്റെ പ്രവൃത്തി സമ്മതിച്ചു. സ്കൂളിൽ പരീക്ഷ നടക്കുന്നതിനാൽ വിദ്യാർത്ഥിനി റീൽസുകൾ റെക്കോർഡ് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാൻ മാത്രമാണ് ഫോൺ പരിശോധിച്ചതെന്നാണ് പ്രിൻസിപ്പലിൻ്റെ വിശദീകരണം. എങ്കിലും സ്വകാര്യത ലംഘിച്ചതിന് ഷക്കീൽ അഹമ്മദിനെ സസ്പെൻഡ് ചെയ്തുകൊണ്ട് സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.