ഭുവനേശ്വർ : ഒഡീഷയിൽ ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. സുന്ദർഗഡ് ജില്ലയിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. വിദ്യാർഥിനിയ്ക്ക് 90 ശതമാനം പൊള്ളലേറ്റു.
വെള്ളിയാഴ്ച രാത്രി ലഞ്ചിബർന പ്രദേശത്താണ് സംഭവം നടന്നത്. പൊള്ളലേറ്റ പെൺകുട്ടിയെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് റൂർക്കേലയിലെ ഇസ്പാത് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ കോളജ് വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ 25കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മകളെ ഒരാൾ ശല്യപ്പെടുത്തിയിരുന്നുവെന്നും സംഭവത്തിന് തൊട്ട് മുൻപ് മകൾക്ക് ഫോൺ വന്നിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പോലീസിൽ മൊഴി നൽകി.