
കൊൽക്കത്ത: കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ (IIM) ആൺകുട്ടികളുടെ ഹോസ്റ്റലിൽ വെച്ച് രണ്ടാം വർഷ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി ആരോപണം. സംഭവത്തിൽ വെള്ളിയാഴ്ച പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് ഹരിദേവ്പൂർ പൊലീസ് രണ്ടാം വർഷ വിദ്യാർഥിയെ അറസ്റ്റ് ചെയ്തു.
കൗൺസിലിങ് സെഷന്റെ മറവിൽ ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് തന്നെ എത്തിച്ചതായി പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. അവിടെ എത്തിയപ്പോൾ ഭക്ഷണവും പാനീയങ്ങളും വാഗ്ദാനം ചെയ്തു. തുടർന്ന് ബോധം നഷ്ടപ്പെട്ടു. ബോധം വീണ്ടെടുത്തപ്പോൾ ഹോസ്റ്റലിനകത്താണെന്നും താൻ ബലാത്സംഗത്തിന് ഇരയായെന്നും തിരിച്ചറിഞ്ഞു. പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
പിന്നാലെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. അതേ രാത്രിയിൽ തന്നെ ഹോസ്റ്റലിൽ നിന്ന് ഒരു വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. കസ്റ്റഡിയിലെടുത്ത വ്യക്തി പ്രധാന പ്രതിയാണോ എന്ന് ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.