
ഗുജറാത്തിലെ ജുനാഗഡിലെ ആൽഫ ഇന്‍റർനാഷണൽ സ്കൂളിന്‍റെ ഹോസ്റ്റലില്‍ റാഗിംഗ് നടത്തിയ സംഭവത്തിൽ കേസുമായി അക്രമത്തിന് ഇരയായ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ. ഒരു വിദ്യാർത്ഥിയെ അഞ്ചോ ആറോ സഹപാഠികൾ ചേർന്ന് മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവം നടന്ന് ഒന്നര മാസത്തിന് ശേഷമാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്.ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കൾ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം , ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ പോലീസും ജില്ലാ വിദ്യാഭ്യാസ ഓഫീസറും അന്വേഷണം ആരംഭിച്ചെന്നും സംഭവത്തില്‍ ഉൾപ്പെട്ട വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ തമ്മിൽ 2025 ജൂലൈ 26-ന് കായിക വിനോദവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ പരസ്പരം തര്‍ക്കത്തിലായിരുന്നു. ഇത് പിന്നീട് ഹോസ്റ്റലില്‍ വച്ച് ചോദ്യം ചെയ്യുകയും അത് സംഘര്‍ഷത്തിൽ എത്തുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം , ഹോസ്റ്റലിന്‍റെയും സ്കൂൾ അധികൃതരുടെയും ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായതായി വിദ്യാർത്ഥിയുടെ മാതാപിതാക്കൾ ആരോപിച്ചു. സംഭവം തങ്ങളെ അറിയിച്ചിരുന്നില്ലെന്നും കുട്ടികളുടെ കാര്യങ്ങൾ ഹോസ്റ്റൽ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.എന്നാൽ പരാതിക്ക് സംഭവത്തില്‍ ഉൾപ്പെട്ട വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതായും സംഭവത്തെക്കുറിച്ച് എല്ലാ രക്ഷിതാക്കള്‍ക്കും വിവരം കൈമാറിയെന്നും ഹോസ്റ്റൽ നടത്തിപ്പുകാരും അറിയിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസറും അന്വേഷണം ആരംഭിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.