
പട്ന: അഹമ്മദാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി നേരിട്ടു(Bomb threat). ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. വിമാനം പട്‌നയിൽ ലാൻഡ് ചെയ്തതിന് ശേഷം ഇൻഡിഗോ സ്റ്റേഷൻ മാനേജർ ശാലിനിയുടെ സെൽഫോണിലേക്ക് വാട്ട്‌സ്ആപ്പ് സന്ദേശം വഴിയാണ് ബോംബ് ഭീഷണി എത്തിയത്.
ഭീഷണി സന്ദേശം ലഭിച്ചതോടെ പട്‌നയിലെ ജയപ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. വിമാനം സുരക്ഷാ പരിശോധനയ്ക്കായി വിമാനത്താവളത്തിലെ ഐസൊലേഷൻ ബേയിൽ പാർക്ക് ചെയ്യുകയും വിമാനത്തിലുണ്ടായിരുന്ന 192 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. അതേസമയം സുരക്ഷാ സേന സ്‌നിഫർ നായ്ക്കളും മെറ്റൽ ഡിറ്റക്ടറുകളും ഉപയോഗിച്ച് കർശന പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല.