മാതാപിതാക്കൾ ഉപേക്ഷിച്ച ചോരക്കുഞ്ഞിന് കാവലായി തെരുവു നായ്ക്കൾ | Stray dogs

പോലീസ് അന്വേഷണം തുടങ്ങി
Stray dogs guard a baby abandoned by his parents
Updated on

കൊൽക്കത്ത: രാജ്യത്തിന്റെ പല ഭാഗങ്ങളിലും തെരുവുനായ ആക്രമണങ്ങൾ പതിവാകുന്നതിനിടെ, പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നിന്ന് അപൂർവവും ഹൃദയസ്പർശിയായതുമായ കാഴ്ച. ജനിച്ചിട്ട് മണിക്കൂറുകൾ പോലും തികയാത്ത പിഞ്ചുകുഞ്ഞിനെ കൊടുംതണുപ്പിൽ ഉപേക്ഷിച്ചപ്പോൾ, ഒരു കൂട്ടം തെരുവുനായ്ക്കൾ കുഞ്ഞിന് സംരക്ഷകരായി. രക്ഷാപ്രവർത്തകർ എത്തുന്നത് വരെ, നായ്ക്കൾ കുഞ്ഞിന് കാവൽ നിൽക്കുകയും കൊടും തണുപ്പിൽ ചൂട് നൽകുകയും ചെയ്തു.(Stray dogs guard a baby abandoned by his parents)

സംഭവം നടന്നത് നാദിയയിലെ റെയിൽവേ ജീവനക്കാരുടെ കോളനിക്ക് സമീപത്തെ ഒരു ശുചിമുറിക്ക് പുറത്താണ്. ചോരപ്പാടുകൾ പോലും തുടച്ചുമാറ്റാതെയാണ് ചോരക്കുഞ്ഞിനെ അജ്ഞാതർ ഉപേക്ഷിച്ചത്. ജനിച്ചിട്ട് മണിക്കൂറുകൾ മാത്രം ആയെന്ന് വ്യക്തമായ കുഞ്ഞിന്റെ ശരീരത്തിൽ രക്തമുണ്ടായിരുന്നെങ്കിലും, കൊടുംതണുപ്പിൽ പൊതിയാൻ ഒരു തുണി പോലും ഉപേക്ഷിച്ചവർ ഇട്ടിരുന്നില്ല. കൊടും ക്രൂരതയോടെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് തണുത്തു മരിക്കുമെന്നോ നായ്ക്കൾ ആക്രമിക്കുമെന്നോ ആയിരിക്കാം അജ്ഞാതർ കരുതിയത്.

എന്നാൽ, ഈ മേഖലയിലുണ്ടായിരുന്ന തെരുവുനായ്ക്കളുടെ കൂട്ടം പിഞ്ചുകുഞ്ഞിനടുത്ത് പാഞ്ഞെത്തി സംരക്ഷണം ഒരുക്കുകയായിരുന്നു. കുരച്ചോ ബഹളം വെച്ചോ അനങ്ങുകയോ ചെയ്യാതെ നായ്ക്കൾ രാത്രി മുഴുവൻ കുഞ്ഞിന് ചുറ്റും കാവൽ നിന്നു. രാത്രിയിൽ തങ്ങളല്ലാതെ മറ്റൊന്നും കുഞ്ഞിന്റെ അടുത്തേക്ക് എത്താൻ അവ അനുവദിച്ചില്ലെന്ന് പ്രദേശവാസികൾ വിശദീകരിച്ചു.

രാവിലെയാണ് നായ്ക്കൾ കാവലിരിക്കുന്ന നിലയിൽ പിഞ്ചുകുഞ്ഞിനെ പ്രദേശവാസിയായ സുക്ല മൊണ്ടൽ കണ്ടെത്തിയത്. നായ്ക്കൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ട് അവിടേക്ക് എത്തിയ തന്നെ ഓടിക്കാനോ കുരച്ച് ബഹളമുണ്ടാക്കാനോ അവ ശ്രമിച്ചില്ലെന്ന് സുക്ല മൊണ്ടൽ പറയുന്നു. കുഞ്ഞ് ജീവന് വേണ്ടി പൊരുതുകയാണെന്ന് അവയ്ക്ക് മനസ്സിലായിരുന്നിരിക്കാമെന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്.

രാവിലെ കുഞ്ഞിന്റെ കരച്ചിൽ കേട്ട് കൂടുതൽ നാട്ടുകാർ എത്തുകയും കുഞ്ഞിനെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സുക്ല മൊണ്ടൽ തന്റെ കൈവശമുണ്ടായിരുന്ന ദുപ്പട്ടയിൽ കുഞ്ഞിനെ പൊതിഞ്ഞെടുക്കുന്നത് വരെ നായ്ക്കൾ ചുറ്റും തന്നെയുണ്ടായിരുന്നു.

കുഞ്ഞിനെ ആദ്യം മഹേഷ് ഗഞ്ച് ആശുപത്രിയിലും പിന്നീട് കൃഷ്ണനഗർ സാദർ ആശുപത്രിയിലേക്കും മാറ്റി. കുഞ്ഞിന്റെ ശരീരത്തിൽ മറ്റ് പരിക്കുകളില്ലെന്നും ജനന സമയത്തുണ്ടായ ചോരപ്പാടുകൾ മാത്രമാണ് ഉള്ളതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

പ്രദേശവാസികളായ ആരോ ആണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ നബാദ്വിപ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ ശിശു സംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലാണ് കുഞ്ഞുള്ളത്. തങ്ങളെ ജോലിക്ക് പോകുമ്പോൾ ഓടിച്ചിട്ട് ആക്രമിക്കാറുള്ള അതേ നായ്ക്കളാണ് പിഞ്ചുകുഞ്ഞിന് കാവലായതെന്നത് നാട്ടുകാരെ അത്ഭുതപ്പെടുത്തി. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്.

Related Stories

No stories found.
Times Kerala
timeskerala.com