
മംഗളൂരു: ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ തൊക്കോട്ട് ഗണേഷ് നഗറിനും കാപിക്കാടിനും ഇടയിൽ പാളത്തിൽ കല്ലുകൾ വെച്ച് റയിൽവേ അട്ടിമറി ശ്രമം. ശനിയാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചു. രണ്ടു ഭാഗത്തേയും പാളങ്ങളിൽ വെച്ച് വലിയ കല്ലുകൾ ചതഞ്ഞതായി കണ്ടെത്തി. സംഭവസ്ഥലത്ത് അജ്ഞാതരായ രണ്ടുപേരെ കണ്ടിരുന്നതായി കൊറഗജ്ജ ക്ഷേത്രത്തിൽ പ്രാർഥന കഴിഞ്ഞു മടങ്ങുകയായിരുന്ന പത്മ പറഞ്ഞു.
ഉഗ്ര ശബ്ദം കേട്ട സമയം സമീപത്തെ വീടുകളിൽ കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസി രാജേഷ് അറിയിച്ചു. ഇദ്ദേഹം, വിവരം റെയിൽവേ ഉപദേശക സമിതി അംഗങ്ങളായ ആനന്ദ് ഷെട്ടി ഭട്നഗർ, ഗോപിനാഥ് ബാഗമ്പിള എന്നിവോട് പറഞ്ഞു. ഇരുവരും നൽകിയ പരാതിയിൽ റയിൽവേ പൊലീസ് കേസെടുത്തു.