
സിന്ധുദുർഗ്: മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഡിസംബറിൽ അനാച്ഛാദനം ചെയ്ത പ്രതിമയാണ് തകർന്നുവീണത്.
കഴിഞ്ഞ ദിവസം പ്രദേശത്ത് ശക്തമായ കാറ്റും, കനത്ത മഴയും അനുഭവപ്പെട്ടിരുന്നു. പ്രതിമ തകർന്നത് ഇതിന് പിന്നാലെയാണ്. തിങ്കളാഴ്ച്ചയാണ് സംഭവം. എട്ട് മാസം മുൻപ് സ്ഥാപിച്ച പ്രതിമയാണ് തകർന്നത്.
സംഭവത്തിൽ ഭരണപക്ഷം കാലാവസ്ഥയെ പഴിക്കുമ്പോൾ പ്രതിപക്ഷം ഇതൊരു രാഷ്ട്രീയ ആയുധമാക്കുകയാണ്. പ്രതിപക്ഷത്തിൻ്റെ ആരോപണം അഴിമതിയുടെ കാര്യത്തിൽ മറാഠാ രാജാവ് ശിവാജിയെപ്പോലും ബി ജെ പി സർക്കാർ വെറുതെ വിടുന്നില്ലെന്നാണ്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചത് പ്രതിമ പുനർനിർമ്മിക്കുമെന്നാണ്. പ്രതിമ തകരാൻ ഇടയാക്കിയത് മണിക്കൂറിൽ 45 കിലോമീറ്റർ ശക്തിയിൽ കാറ്റ് വീശിയതാണ് എന്നാണ് അദ്ദേഹം പറയുന്നത്. 2.36 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച പ്രതിമയാണിത്.