ചെന്നൈ : നടനും രാഷ്ട്രീയ നേതാവുമായ വിജയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ടി വി കെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകനെതിരെ വധശ്രമത്തിന് കേസെടുത്തു. കുറ്റകരമായ നരഹത്യ, പൊതുസുരക്ഷ അപകടപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.(Stampede At Actor Vijay's Rally)
അതേസമയം, വിജയ്‌ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.തമിഴ്നാടിൻ്റെ രക്ഷകനാകാൻ ഇറങ്ങിയ നടൻ വൻ നിയമക്കുരുക്കിലേക്കാണ് വീണിരിക്കുന്നത്. കോടതിയെ പോലും ധിക്കരിച്ച് ജനസാഗരത്തിനിടയിലേക്ക് ഇറങ്ങിയ വിജയ്ക്ക് വൻ നിയമ നൂലാമാലകൾ നേരിടേണ്ടി വന്നേക്കും.
അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം. ദുരന്തത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ നടൻ മടങ്ങിയിരുന്നു. ഇതോടെ വിമർശനം ശക്തമായി. സ്വകാര്യ വിമാനത്തിൽ ചെന്നൈയിലെ വീട്ടിലെത്തിയ താരം ഹൃദയം തകർന്നിരിക്കുന്നുവെന്ന് ആദ്യ പ്രതികരണവും രേഖപ്പെടുത്തി. അദ്ദേഹത്തിൻ്റെ വീടിന് മുൻപിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.