പുതുക്കോട്ട: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള കുടുംബവാഴ്ചയ്ക്ക് അന്ത്യം കുറിക്കാൻ സമയമായെന്നും 2026 ഏപ്രിലിൽ സംസ്ഥാനത്ത് എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മകൻ ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രിയാക്കുക എന്ന ഒറ്റലക്ഷ്യം മാത്രമാണ് സ്റ്റാലിനുള്ളതെന്നും എന്നാൽ ആ സ്വപ്നം തമിഴ്നാട് ജനത തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.(Stalin's goal is to make his son the CM, that is no longer possible, says Amit Shah)
"കരുണാനിധിക്ക് ശേഷം സ്റ്റാലിൻ, ഇപ്പോൾ ഉദയനിധി - ഈ പരമ്പര ഇവിടെ അവസാനിക്കണം. തമിഴ്‌നാടിനെ അഴിമതിമുക്തമാക്കാൻ ബിജെപിക്കും എൻഡിഎയ്ക്കും മാത്രമേ കഴിയൂ." രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണമാണ് തമിഴ്‌നാട്ടിലേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ പൂർണ്ണ പരാജയമാണെന്നും ഷാ പറഞ്ഞു.
2024-ലും 2025-ലും നടന്ന വിവിധ തിരഞ്ഞെടുപ്പുകളിൽ ബിജെപി വലിയ വിജയം നേടി. 2026-ൽ തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും വൻ ഭൂരിപക്ഷത്തോടെ എൻഡിഎ അധികാരത്തിൽ വരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഒക്ടോബർ 12-ന് മധുരയിൽ നിന്ന് ആരംഭിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ പര്യടനത്തിനാണ് പുതുക്കോട്ടയിൽ തിരശ്ശീല വീണത്. ബിഹാറിലും തിരുവനന്തപുരത്തും ബിജെപിക്ക് അനുകൂലമായി വീശിയ കാറ്റ് തമിഴ്‌നാട്ടിലും ആഞ്ഞടിക്കുമെന്ന് നാഗേന്ദ്രൻ പറഞ്ഞു. ഡിഎംകെയുടേത് കപട മതനിരപേക്ഷതയാണെന്നും അദ്ദേഹം വിമർശിച്ചു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി തമിഴ്‌നാട്ടിലെത്തിയ അമിത് ഷാ, ഇന്ന് (ജനുവരി 5) തിരുച്ചിറപ്പള്ളിയിൽ പാർട്ടി സംഘടിപ്പിക്കുന്ന പൊങ്കൽ ആഘോഷങ്ങളിലും പങ്കെടുക്കും. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ഷായ്ക്കൊപ്പമുണ്ട്.