
ന്യൂഡൽഹി: രാജ്യത്തെ കായിക നിർവഹണ സംവിധാനമായ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) തകർച്ചയിലേക്കെന്ന് കായിക മന്ത്രാലയവുമായി ബന്ധപ്പെട്ട സ്ഥിരം സമിതിയുടെ റിപ്പോർട്ട്. ഫണ്ടുകളുടെ കാര്യത്തിലും ജീവനക്കാരുടെ എണ്ണത്തിലും സായ് ഗുരുതരമായി പ്രതിസന്ധി നേരിടുകയാണെന്നും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയുടെ പ്രകടനം ഒട്ടും തൃപ്തികരമല്ല. സർക്കാരിന്റെ പ്രധാന പദ്ധതിയായ ഖേലോ ഇന്ത്യയുടെ ഫണ്ട് വിനിയോഗത്തിലും ഗുരുതരമായ വീഴ്ചയുണ്ട്. കോൺഗ്രസ് രാജ്യസഭാ എംപി ദിഗ്‌വിജയ് സിങ് അധ്യക്ഷനായ സമിതിയുടേതാണ് റിപ്പോർട്ട്. മുൻ ക്രിക്കറ്റ് താരവും എഎപി എംപിയുമായ ഹർഭജൻ സിങ്, ബിജെപി എംപിമാരായ സംപിത് പത്ര, ഭാൻസുരി സ്വരാജ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
രാജ്യത്തെ പ്രധാന കായിക സ്ഥാപനമായ സ്പോർട്സ് അതോറിറ്റിയുടെ 45 ശതമാനം പോസ്റ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. വിവിധ വിഭാഗങ്ങളിലായി 1120 ഒഴിവുകളാണ് ഉള്ളത്. ഒഴിവുകളിൽ നിയമനം നടത്തി അടുത്ത ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതി കായിക മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.