33,000 അടി ഉയരത്തിൽ വച്ച് എൻജിൻ തകരാറായി: സ്പൈസ് ജെറ്റ് വിമാനം എമർജൻസി ലാൻഡിംഗ് നടത്തി, 188 പേരും സുരക്ഷിതർ | SpiceJet

വിമാനം ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുമ്പോഴാണ് എഞ്ചിനിലെ തകരാറ് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്
SpiceJet flight makes emergency landing after engine failure at 33,000 feet
Published on

കൊൽക്കത്ത: മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിന് 33,000 അടി ഉയരത്തിൽവെച്ച് എഞ്ചിൻ തകരാർ അനുഭവപ്പെട്ടു. തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി എമർജൻസി ലാൻഡിംഗ് നടത്തി. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.(SpiceJet flight makes emergency landing after engine failure at 33,000 feet)

ഞായറാഴ്ച രാത്രിയിലാണ് സംഭവം. എസ്.ജി. 670 എന്ന വിമാനത്തിൽ യാത്രക്കാരും ക്രൂ അംഗങ്ങളും അടക്കം 188 പേരായിരുന്നു ഉണ്ടായിരുന്നത്. യാത്രാമധ്യേ വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിന് തകരാറ് അനുഭവപ്പെട്ടു.

വിമാനം ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുമ്പോഴാണ് എഞ്ചിനിലെ തകരാറ് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ പൈലറ്റ് 'ഫുൾ എമർജൻസി' പ്രഖ്യാപിക്കുകയായിരുന്നു. രാത്രി 11.38-ഓടെയാണ് വിമാനം എമർജൻസി ലാൻഡ് ചെയ്തത്. എമർജൻസി സേവനങ്ങൾ തയ്യാറെടുത്ത് നിന്നെങ്കിലും മറ്റ് അപകടങ്ങളില്ലാതെ വിമാനം സുരക്ഷിതമായി നിലത്തിറങ്ങി. ലാൻഡിംഗിന് പിന്നാലെ എമർജൻസി വാണിംഗ് പിൻവലിച്ചതായി വിമാനത്താവള അധികൃതർ വിശദമാക്കി.

മുംബൈയിൽ നിന്ന് ഏറെ വൈകിയാണ് വിമാനം പുറപ്പെട്ടത്. വൈകിട്ട് 7.10-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം രണ്ട് മണിക്കൂർ വൈകി രാത്രി 9.07-ഓടെയാണ് മുംബൈയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തത്. സംഭവത്തിൽ സ്പൈസ് ജെറ്റ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എഞ്ചിൻ തകരാറിനുള്ള കാരണം കണ്ടെത്താൻ വിശദമായ പരിശോധന നടക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com