നോയിഡ: ആഡംബര ഫ്ലാറ്റിൽ ദക്ഷിണ കൊറിയൻ സ്വദേശിയായ യുവാവിനെ കാമുകി കുത്തിക്കൊന്നു. ദക്ഷിണ കൊറിയൻ പൗരനായ ഡക്ക് ഹീ യു ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ പങ്കാളിയായ മണിപ്പൂർ സ്വദേശി ലുഞ്ചീന പമായിയെ നോളജ് പാർക്ക് പോലീസ് അറസ്റ്റ് ചെയ്തു.(South Korean man stabbed to death in Noida, Manipur native live-in partner arrested)
ഗ്രേറ്റർ നോയിഡയിലെ ഫ്ലാറ്റിൽ വച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒരു പ്രമുഖ മൊബൈൽ കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്ന ഡക്ക് ഹീയും ലുഞ്ചീനയും ദീർഘകാലമായി ഒരുമിച്ച് താമസിക്കുകയായിരുന്നു.
മദ്യപിച്ചു കഴിഞ്ഞാൽ ഡക്ക് ഹീ തന്നെ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ലുഞ്ചീന പോലീസിനോട് പറഞ്ഞു. സംഭവദിവസവും മദ്യപാനത്തിനിടെ തർക്കമുണ്ടാവുകയും ഡക്ക് ഹീ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതയായാണ് കത്തിയെടുത്ത് നെഞ്ചിൽ കുത്തിയതെന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും യുവതി മൊഴി നൽകി.
കുത്തേറ്റതിന് പിന്നാലെ ലുഞ്ചീന തന്നെയാണ് ഡക്ക് ഹീയെ ജിംസ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ഇയാൾ മരിച്ചിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തുമ്പോൾ ലുഞ്ചീന അവിടെത്തന്നെയുണ്ടായിരുന്നു. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.