ന്യൂഡൽഹി: ഹിന്ദി അറിയില്ലെന്ന ഒറ്റ കാരണം കൊണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പൗരന്മാരെ ഒറ്റപ്പെടുത്തുന്ന സാഹചര്യമുണ്ടാകരുതെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി. വി. നാഗരത്ന. കോടതികളിലെ ഭാഷ സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിൻ്റെ യാഥാർത്ഥ്യത്തിൽ ഊന്നിയുള്ളതാണ് തൻ്റെ പരാമർശങ്ങളെന്നും ഇത് രാഷ്ട്രീയപരമല്ലെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.(South Indians should not be isolated on the grounds that they do not know Hindi, Justice BV Nagarathna)
നിയമ സംവിധാനത്തിൽ എല്ലാത്തരം ഭാഷാ വൈവിധ്യങ്ങളും ഉൾക്കൊള്ളേണ്ടതുണ്ട്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ നിരവധി ഭാഷകളെ അംഗീകരിക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കുറഞ്ഞത് ആറ് പ്രമുഖ ഭാഷകളെങ്കിലും സംസാരിക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള പൗരന്മാരെ സംബന്ധിച്ച് ഉന്നത കോടതികളിൽ ഇംഗ്ലീഷായിരിക്കും ആശയവിനിമയത്തിന് ഏറ്റവും പര്യാപ്തമായ ഭാഷ.
ഹിന്ദിയിൽ പ്രാവീണ്യമില്ലെന്ന് കരുതി ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തരുത്. ഉന്നത കോടതികളിലും ജഡ്ജിമാരുടെ സ്ഥലംമാറ്റങ്ങളിലും ഇംഗ്ലീഷ് പൊതുഭാഷയാണെന്നും ജസ്റ്റിസ് നാഗരത്ന വിശദീകരിച്ചു. ജസ്റ്റിസ് നാഗരത്ന ആശയവിനിമയത്തിലെ വെല്ലുവിളികളും എടുത്തു കാണിച്ചു. തമിഴ്‌നാട്ടിൽ ഹിന്ദിയോ ഇംഗ്ലീഷോ വ്യാപകമായി സംസാരിക്കുന്നില്ല. ഇത് ആശയവിനിമയത്തെ സങ്കീർണ്ണമാക്കുന്നുണ്ട്.
ജില്ലാ കോടതികളിൽ കന്നഡ, തമിഴ് തുടങ്ങിയ പ്രാദേശിക ഭാഷകളാണ് ഉപയോഗിക്കുന്നത്. അതേസമയം ഭരണഘടനാ കോടതിയിൽ ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷയെന്നും അവർ ചൂണ്ടിക്കാട്ടി. "ദയവായി, ഇതിൽ ഒരുതരം മിതത്വം പാലിക്കുക" - ജുഡീഷ്യറിയിലെ ഭാഷയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ മിതത്വം അനിവാര്യമാണെന്നും പ്രാദേശിക ഭാഷകളും ഏകീകൃത ഭാഷയുടെ ആവശ്യകതയും തമ്മിൽ സൂക്ഷ്മമായ സന്തുലിതാവസ്ഥ വേണമെന്നും ജസ്റ്റിസ് നാഗരത്ന ഊന്നിപ്പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് 15 വർഷത്തിനുള്ളിൽ ഇംഗ്ലീഷിന് പകരം ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ അത് പൂർണ്ണമായും യാഥാർത്ഥ്യമായില്ല. പിന്നീട് ത്രിഭാഷാ ഫോർമുല പോലുള്ള നയങ്ങൾ കൊണ്ടുവന്നു. ഹിന്ദി പല സംസ്ഥാനങ്ങളിലും നിർബന്ധിത രണ്ടാം ഭാഷയായി കണക്കാക്കുന്നു. എന്നാൽ തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങൾ ഇതിനെ ശക്തമായി എതിർക്കുന്നു. നിർബന്ധിത ഹിന്ദി പഠനം വിദ്യാഭ്യാസപരമായ ബാധ്യതയായും ഭാഷാപരമായ സ്വത്വത്തിന് ഭീഷണിയായും അവർ കണക്കാക്കുന്നു. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെയും സാംസ്കാരിക ബഹുസ്വരതയെയും ദുർബലപ്പെടുത്തുന്ന ഇത്തരം അടിച്ചേൽപ്പിക്കലുകൾ നടക്കുന്നുണ്ടെന്നാണ് പൊതുവെയുള്ള വിമർശനം.