

റാഞ്ചി: മന്ത്രവാദം നടത്തിയെന്ന സംശയത്തെ തുടർന്ന് ജാർഖണ്ഡിലെ ദുംകയിലെ ഭദ്ര ദിഘയിൽ 70 വയസ്സുള്ള അമ്മയെ മകൻ കുത്തിക്കൊലപ്പെടുത്തി. ഒക്ടോബർ 28-നാണ് സംഭവം നടന്നത്.(Son stabs 70-year-old mother to death, accusing her of witchcraft)
മുനി സോറൻ (70) ആണ് കൊല്ലപ്പെട്ടത്, 41 വയസ്സുള്ള മകൻ ആണ് പ്രതി. ഒക്ടോബർ 28 ന് പ്രതി തൻ്റെ അമ്മ മുനി സോറനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ദുംകയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ ശനിയാഴ്ച (നവംബർ 2) മരണത്തിന് കീഴടങ്ങി.
അമ്മയുടെ മരണശേഷം പ്രതിയുടെ സഹോദരിയാണ് കൊലപാതകത്തിന് സഹോദരനെതിരെ പോലീസിൽ പരാതി നൽകിയത്. പ്രതി മുമ്പും തൻ്റെ അമ്മയെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തൻ്റെ 18 വയസ്സുള്ള മകൾ മരിച്ചത് അമ്മയുടെ മന്ത്രവാദം കാരണമാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ഒക്ടോബർ 28 ന് രാത്രി അമിതമായി മദ്യപിച്ചിരുന്നു. മരിച്ചുപോയ മകളെക്കുറിച്ചുള്ള ഓർമ്മകൾ അടക്കാനായില്ലെന്നും ആ ദേഷ്യത്തിൽ സഹോദരിയുടെ വീട്ടിലേക്ക് പോയി അമ്മയെ കുത്തിയതാണെന്നും പ്രതി മൊഴി നൽകി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്.