
മിസോറാമിന്റെ തലസ്ഥാന നഗരമായ ഐസ്വാളിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ആഴത്തിൽ വേരൂന്നിയ ക്രിസ്തിയ വിശ്വാസത്തിന്റെ സാക്ഷ്യമാണ് സോളമന്റെ ക്ഷേത്രം (Solomon’s Temple Mizoram). കിഴക്കിന്റെ ജറുസലേം (Jerusalem of the East) എന്ന വിശേഷിക്കപ്പെടുന്ന സോളമന്റെ ക്ഷേത്രം മിസോറാമിലെ ഏറ്റവും വലിയ ക്രിസ്തീയ ദേവാലയമാണ്.
വടക്കു കിഴക്കൻ സംസ്ഥനമായ മിസറാമിലെ ഐസ്വാളിലാണ് ഇവിടുത്തെ ഏറ്റവും വലിയ ദേവാലയമായ സേളമന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മിസോറാമിലെ കോഹ്റാൻ തിയാങ്ലിം (Kohhran Thianghlim) എന്ന ക്രിസ്തീയ വിഭാഗക്കാരുടേതാണ് ഈ മനോഹരമായ ദേവാലയം. കോഹ്റാൻ തിയാങ്ലിം സഭ സ്ഥാപകനായ ഡോ. എൽ. ബി. സാലിയോയാണ് (Dr. L.B. Sailo) ക്ഷേത്രം നിർമ്മിക്കുന്നത്. ബൈബിളിലെ വിശ്വാസമനുസരിച്ച് ജറുസലേമിലെ സോളമന്റെ ദേവാലയത്തിന്റെ തുടർച്ചയായാണ് ഈ ദേവാലയം നിർമ്മിച്ചിരിക്കുന്നത് എന്ന് പറയപ്പെടുന്നു.
സ്വപനത്തിലെ ദർശനവും ക്ഷേത്ര നിർമ്മിതിയും
സോളമന്റെ ക്ഷേത്രം നിർമ്മിക്കുവാൻ ഇടയാക്കിയത് ഒരു സ്വപ്നമായിരുന്നു. കോഹ്റാൻ തിയാങ്ലിം സഭ സ്ഥാപകനായ ഡോ. എൽ. ബി. സാലിയോ കണ്ട സ്വപ്നത്തിലെ വെളിപാട് അനുസരിച്ചാണ് ദേവാലയം നിർമ്മിക്കുവാൻ തിരുമാനിക്കുന്നത്. സാലിയോയുടെ സ്വപ്നത്തിൽ ദൈവം സോളമന്റെ ക്ഷേത്രം കാണിച്ചുകൊടുക്കുന്നു. ദൈവം സ്വപ്നത്തിൽ കാണിച്ചുകൊടുത്ത ക്ഷേത്രം നിർമ്മിക്കുവൻ അയാൾ തിരുമാനിക്കുന്നു. മുൻപ് ഒരിക്കലും ഒരു ദേവാലയം പണിയണം എന്ന ചിന്ത തനിക്ക് ഉണ്ടായിരുന്നില്ലെന്നും ദൈവിക ദർശനം അനുസരിച്ച് ക്ഷേത്രം നിർമ്മിക്കുകയായിരുന്നു എന്നും സാലിയോ ഒരിക്കൽ പറഞ്ഞിരുന്നു.
1996 ൽ ദേവാലയത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിക്കുന്നു. എന്നാൽ 1996 ൽ തറക്കല്ലിട്ടിട്ടും 1997 ലാണ് നിർമ്മാണം ആരംഭിക്കുന്നത്. ദേവാലയത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ 20 വർഷം വേണ്ടിവന്നു. 2017 ഡിസംബറിൽ ക്രിസ്തുമസ് ദിനത്തിൽ ദേവാലയം വിശ്വാസികൾക്കായി തുറന്നു കൊടുക്കുന്നു. പഴയ നിയമത്തിലെ ജറുസലേമിലെ സോളമൻ്റെ ക്ഷേത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ദേവാലയം നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ജറുസലേമിലെ സോളമന്റെ ദേവാലയത്തിന്റെ തുടർച്ചയായാണ് ഇതെന്നും വിശേഷിപ്പിക്കാറുണ്ട്. മിസോറാമിൽ തന്നെ ദേവാലയം നിർമ്മിക്കുവാൻ സഭ തയ്യാറായതിന് പിന്നിലും ഒരു കാരണമുണ്ട്. ബൈബിൾ പ്രകാരം യേശുക്രിസ്തു പുനരവതരിക്കുന്ന ‘സിറ്റി ഓഫ് ഈസ്റ്റ്' മിസോറാം ആണെന്നാണ് ഇവരുടെ വിശ്വാസം. അതുകൊണ്ടാണ് ദേവാലയം ഐസ്വാളിൽ നിർമ്മിക്കുവാൻ തീരുമാനിക്കുന്നത്.
തുടക്കത്തിൽ, മിസോറാമിൻ്റെ കിഴക്കൻ പ്രദേശത്തിനടുത്തുള്ള പ്രദേശമായിരുന്നു ക്ഷേത്രം പണിയാൻ അവർ തിരഞ്ഞെടുത്തത്. പക്ഷെ അവിടെ എത്തിച്ചേരുവാനുള്ള ബുദ്ധിമുട്ടും യാത്രാസൗകര്യവും സ്ഥലസൗകര്യവും കണക്കിലെടുത്ത് ക്ഷേത്രം പണിയാൻ മറ്റൊരു സ്ഥലം കണ്ടെത്തുകയായിരുന്നു. പിന്നീട് ഐസ്വാളിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കുകയായിരുന്നു.
ദേവാലയത്തിലെ വാസ്തുവിദ്യാ വിസ്മയം
ഐസ്വാളിലെ ഒരു പ്രധാന നാഴികക്കല്ലായി നിലകൊള്ളുന്നു സോളമന്റെ ക്ഷേത്രം മിസോ ജനതയുടെ ആത്മീയ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്ന ആധുനികവും പരമ്പരാഗതവുമായ വാസ്തുവിദ്യാ ശൈലിയുടെ സവിശേഷമായ മിശ്രിതമാണ്. ഒരേസമയം ക്ഷേത്രത്തിനുള്ളിൽ രണ്ടായിരത്തോളം പേർക്കും, ക്ഷേത്രത്തിന്റെ പുറത്ത് പതിനായിരത്തോളം പേർക്കും ഒത്തുചേരുവാൻ സാധിക്കുന്ന നിലയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. മിസോറാമിലെ ഏറ്റവും വലിയ ക്രിസ്തീയ ദേവാലയം എന്ന ഖ്യാതി മാത്രമല്ല ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്തീയ ദേവാലയങ്ങളുടെ പട്ടികയിലും സോളമന്റെ ക്ഷേത്രം മുൻപന്തിയിലാണ്.
3025 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള ക്ഷേത്രം പൂർണമായും മാർബിളിലാണ് പണിതിരിക്കുന്നത്. പോർച്ച് എന്നാണ് മുറ്റം ഉൾപ്പെടുന്ന ദേവാലയത്തിന്റെ ഭാഗം അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിന് നാല് ദിശകളിലും മൂന്ന് വാതിലുകളുള്ള 12 കവാടങ്ങളുണ്ട്. നാലു പ്രധാന ദിശകളിലേക്കും ദർശനം ലഭിക്കുന്ന രീതിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. വെളിപാടിന്റെ പുസ്തകത്തിലെ ഏഴു ദേവാലയങ്ങളെ സൂചിപ്പിക്കാനായി ദാവീദിന്റെ ഏഴു നക്ഷത്രങ്ങളെയും ഇവിടെ കാണാൻ കഴിയുന്നതാണ്. മോക്ഷം, നീതി, ജീവിതം, ജയം എന്നിവയെ പ്രതിനിധീകരിക്കുന്ന നാല് തൂണുകൾ ക്ഷേത്രത്തിലുണ്ട്. ഇതിന് മുകളിലാണ് ദാവീദിന്റെ ഏഴ് നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നത്.
ക്ഷേത്രത്തിൻ്റെ പുറം ഭിത്തികൾ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നി ദിശകൾ അഭിമുഖീകരിക്കുന്നു. വെളിപാട് പുസ്തകത്തിലെ ഏഴ് പള്ളികളെ പ്രതിനിധീകരിക്കുന്ന ദാവീദിന്റെ ഏഴ് നക്ഷത്രങ്ങൾ വഹിക്കുന്ന നാല് തൂണുകൾ പൂമുഖത്തിന് മുകളിലുണ്ട്. ഓരോ തൂണിലും യേശുക്രിസ്തുവിൻ്റെ കുരിശിൻ്റെയും വിശുദ്ധ സഭയുടെ ചിഹ്നത്തിൻ്റെ ചിത്രങ്ങൾ കാണുവാൻ സാധിക്കുന്നതാണ്. മിസോറാമിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പര്യവേക്ഷണം ചെയ്യാൻ താൽപ്പര്യമുള്ള ഏതൊരാളും തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് സോളമന്റെ ക്ഷേത്രം. വിശ്വാസത്തിൻ്റെയും ഭക്തിയുടെയും സാക്ഷ്യമായി നിലകൊള്ളുന്നു ഈ ദേവാലയം ഒരു ജനതയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നാഴികക്കല്ലാണ്.