ന്യൂഡൽഹി : അഹമ്മദാബാദ് വിമാന അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ഏക വ്യക്തിയായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ രമേശ് തനിക്കും കുടുംബത്തിനും വേണ്ടി സമഗ്രമായ ക്ഷേമ പാക്കേജ് ആവശ്യപ്പെട്ടു. ദുരന്തം വരുത്തിവെച്ച ശാരീരികവും മാനസികവും സാമ്പത്തികപരവുമായ കഷ്ടപ്പാടുകൾ മറികടക്കാൻ സഹായം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.(Sole survivor of Ahmedabad plane crash seeks welfare package)
ഇന്ത്യൻ പൈതൃകമുള്ള 40-കാരനായ വിശ്വാസ് കുമാർ ഒരു മാസം മുമ്പാണ് ലെസ്റ്ററിലെ വീട്ടിൽ തിരിച്ചെത്തിയത്. എന്നാൽ, അദ്ദേഹം ഇപ്പോഴും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) ബാധിച്ച് വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള ഗുരുതരമായ അവസ്ഥയിലാണ്.
അപകടത്തിൽ തന്റെ സഹോദരൻ അജയിനെ നഷ്ടപ്പെട്ട വിശ്വാസ്, കടുത്ത മാനസിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്. ലെസ്റ്റർ കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് മനസ്സ് തുറന്നു: "ഇത് വളരെ വേദനാജനകമാണ്... ഞാൻ തകർന്നുപോയി."
നടക്കുന്നതിന് പോലും അദ്ദേഹം ഭാര്യയെ ആശ്രയിക്കുന്നു, മിക്ക ദിവസങ്ങളിലും മുറിക്കുള്ളിൽ ഒതുങ്ങിക്കൂടുകയാണ് പതിവെന്നും വിശ്വാസ് പറഞ്ഞു. അപകടം നടന്നതിനുശേഷം ദിയുവിലെ കുടുംബത്തിന്റെ ബിസിനസ് തകരുകയും അവർ കടുത്ത സാമ്പത്തിക ഞെരുക്കിലാവുകയും ചെയ്തിരുന്നു.
വിശ്വാസിനെ പ്രതിനിധീകരിക്കുന്ന യുകെ ആസ്ഥാനമായുള്ള അഭിഭാഷകനും ക്രൈസിസ് ഉപദേഷ്ടാവുമായ റാഡ് സീഗർ, എയർ ഇന്ത്യ സിഇഒ കാമ്പൽ വിൽസൺ വ്യക്തിപരമായി കുടുംബത്തെ കണ്ട് സാഹചര്യം വിലയിരുത്താനും സമഗ്രമായ ക്ഷേമ പാക്കേജ് നൽകാനും ആവശ്യപ്പെട്ടു.
എയർലൈൻ നൽകിയ 21,500 പൗണ്ടിന്റെ (ഏകദേശം 25 ലക്ഷം രൂപ) ഇടക്കാല നഷ്ടപരിഹാരം അദ്ദേഹത്തിന്റെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തമാണെന്നും സീഗർ കൂട്ടിച്ചേർത്തു.
അപകടത്തിൽ അതിജീവിച്ച വ്യക്തിയോടുള്ള തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധവാന്മാരാണെന്നും, ഇടക്കാല സാമ്പത്തിക, ലോജിസ്റ്റിക്കൽ പിന്തുണ നൽകിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു. ദുരന്തബാധിതരായ കുടുംബങ്ങളെ അനുശോചനം അറിയിക്കാൻ ടാറ്റാ ഗ്രൂപ്പിലെ മുതിർന്ന നേതാക്കൾ സന്ദർശനം തുടരുന്നുണ്ട്. വിശ്വാസിന്റെ പ്രതിനിധികളുമായി ഒരു കൂടിക്കാഴ്ച ക്രമീകരിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു നല്ല പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എയർലൈൻ വ്യക്തമാക്കി.