രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹത്തില്‍ സഹോദരന്റെ കടമകള്‍ നിര്‍വഹക്കുന്ന ഹിമാചല്‍ പ്രദേശിലെ സൈനികരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഏതൊരാളുടെയും കണ്ണും മനസും നിറയ്ക്കുന്നരംഗങ്ങളാണ് ദൃശ്യങ്ങളിൽ ഉള്ളത്. നിറകണ്ണുകളോടെയാണ് വധു ആരാധനയും അതിഥികളും ഈ രംഗങ്ങള്‍ക്ക് സാക്ഷിയായത്.
2024 ഫെബ്രുവരിയില്‍ അരുണാചല്‍ പ്രദേശില്‍ നടന്ന ഓപ്പറേഷന്‍ അലേര്‍ട്ടിനിടേയാണ് വധുവിന്റെ സഹോദരന്‍ ആശിഷ് കുമാര്‍ വീരമൃത്യു വരിക്കുന്നത്. തുടര്‍ന്ന് ആശിഷിന്റെ ആഗ്രഹം പോലെ ആരാധനയുടെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു സൈനികര്‍.
ലാര്‍ ജില്ലയിലെ ഭര്‍ലിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ ആശിഷിന്റെ സാന്നിധ്യം തങ്ങളിലൂടെ അറിയിക്കാനും അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് ആദരം അര്‍പ്പിക്കാനും പോണ്ടയില്‍ നിന്നും ഷില്ലായില്‍ നിന്നും സൈനികരും വിമുക്തഭടന്‍മാരുമെത്തി. അവര്‍ആരാധനയെ വിവാഹ മണ്ഡപത്തിലേക്ക് ആനയിക്കുകയും ചടങ്ങിനുശേഷം ഭര്‍തൃവീട്ടിലേക്ക് അവളെ അനുഗമിക്കുകയും ചെയ്തു. വിവാഹ സമ്മാനമായി സൈനികര്‍ ആരാധനയുടെ പേരില്‍ ഒരു സ്ഥിരനിക്ഷേപം തുടങ്ങുകയും ചെയ്തു.