

മുംബൈ: പാകിസ്ഥാനിലെ അൽ ഖ്വയ്ദ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സോഫ്റ്റ്‌വെയർ എഞ്ചിനീയറെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. പുണെ നഗരത്തിൽ നിന്നാണ് സുബൈർ ഹംഗാർഗേക്കർ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. യുവാക്കളെ വിവിധ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ ഇയാൾക്ക് സജീവ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.(Software engineer arrested in Pune for links with Al Qaeda)
കഴിഞ്ഞ മാസം മുതൽ സുബൈർ എടിഎസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളെ പ്രത്യേക യുഎപിഎ (UAPA) കോടതി നവംബർ 4 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഇയാൾ ഏർപ്പെട്ടതായും മഹാരാഷ്ട്രയിലും രാജ്യത്തെ മറ്റ് നഗരങ്ങളിലും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതായും പോലീസ് കോടതിയെ അറിയിച്ചു.
സുബൈറിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ, യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന നിരവധി വസ്തുക്കൾ കണ്ടെടുത്തു. ഇലക്ട്രോണിക് ഉപകരണങ്ങൾ, വിവിധ രേഖകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഓൺലൈൻ വഴിയാണ് ഇയാൾ യുവാക്കളെ ഭീകരവാദത്തിലേക്കും വിവിധ സംഘടനകളിലേക്കും ആകർഷിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ.