ശ്രീനഗർ: ജമ്മു കശ്മീരിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ച് സുരക്ഷാസേന. ജമ്മുവിലെ സിദ്രയിൽ എൻ.ഐ.എ ആസ്ഥാനത്തിന് സമീപത്തുനിന്ന് ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് കണ്ടെടുത്തു. ഇത്തരമൊരു ഉപകരണം മേഖലയിൽ നിന്ന് കണ്ടെത്തുന്നത് ആദ്യമായാണെന്ന് അധികൃതർ വ്യക്തമാക്കി.(Sniper rifle telescope found in garbage dump near NIA headquarters in Jammu)
ചവറ്റുകൂനയിൽ നിന്ന് കിട്ടിയ വസ്തുവുമായി ആറുവയസ്സുകാരൻ കളിക്കുന്നത് കണ്ട കുട്ടിയുടെ വീട്ടുകാർക്ക് സംശയം തോന്നിയതാണ് നിർണ്ണായകമായത്. വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇത് സ്നൈപ്പർ കം അസോൾട്ട് റൈഫിളുകളിൽ ഉപയോഗിക്കുന്ന ടെലിസ്കോപ്പാണെന്ന് സ്ഥിരീകരിച്ചത്.
ഞായറാഴ്ച നടന്ന ഈ കണ്ടെത്തലിന് പിന്നാലെ മേഖലയിൽ പോലീസും സൈന്യവും സംയുക്തമായി വൻ തിരച്ചിൽ ആരംഭിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.