മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും സംഗീത സംവിധായകൻ പലാഷ് മുച്ചലിന്റെയും വിവാഹം ഔദ്യോഗികമായി റദ്ദാക്കി. ആഴ്ചകളായി നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കൊടുവിൽ വിവാഹത്തിൽനിന്ന് പിന്മാറാൻ ഇരു കുടുംബങ്ങളും തീരുമാനിച്ചതായി സ്മൃതി മന്ദാന ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചു.
ഡിസംബർ 7-ന് പങ്കുവെച്ച കുറിപ്പിൽ, വ്യക്തിപരമായ കാര്യങ്ങൾ വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയതിനാലാണ് സംസാരിക്കുന്നതെന്നും, ഈ വിഷയത്തിൽ ഊഹാപോഹങ്ങൾ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും മന്ദാന വ്യക്തമാക്കി. "കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഞാൻ വളരെ സ്വകാര്യ വ്യക്തിയാണ്, അത് അങ്ങനെ തന്നെ നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, വിവാഹം റദ്ദാക്കിയ കാര്യം ഞാൻ വ്യക്തമാക്കേണ്ടതുണ്ട്. ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങളെല്ലാം അങ്ങനെ തന്നെ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ സമയത്ത് രണ്ട് കുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കണം," – സ്മൃതി മന്ദാന അഭ്യർത്ഥിച്ചു.
തന്റെ ശ്രദ്ധയും മുൻഗണനകളും രാജ്യത്തിനുവേണ്ടിയുള്ള കളിയിലായിരിക്കുമെന്നും മന്ദാന പോസ്റ്റിൽ കൂട്ടിച്ചേർത്തു. "നമ്മളെയെല്ലാം നയിക്കുന്ന ഒരു ഉയർന്ന ലക്ഷ്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, എന്നെ സംബന്ധിച്ചിടത്തോളം, അത് എല്ലായ്പ്പോഴും എന്റെ രാജ്യത്തെ ഉയർന്ന തലത്തിൽ പ്രതിനിധീകരിക്കുന്നതാണ്. കഴിയുന്നത്ര കാലം ഇന്ത്യയ്ക്കായി കളിക്കാനും ട്രോഫികൾ നേടാനും ഞാൻ പ്രതീക്ഷിക്കുന്നു. അവിടെയാണ് എന്റെ ശ്രദ്ധ എന്നേക്കും," മന്ദാന പറഞ്ഞു.
ഇന്ത്യ വനിതാ ലോകകപ്പ് നേടിയതിന് പിന്നാലെ പ്രഖ്യാപിച്ച ഈ വിവാഹം വലിയ ആഘോഷമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, മന്ദാനയുടെ പിതാവിന് രോഗബാധയുണ്ടായതിനെ തുടർന്ന് വിവാഹ ചടങ്ങുകൾക്ക് തൊട്ടുമുമ്പ് ആഘോഷങ്ങൾ നിർത്തിവച്ചു. ഇതിനു പിന്നാലെ മുച്ചലിനെതിരെ വഞ്ചനാ ആരോപണങ്ങൾ അടക്കം ഉയർന്നതോടെയാണ് വിവാഹം റദ്ദാക്കിയത്.
മന്ദാനയുടെ പോസ്റ്റിന് പിന്നാലെ, ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കി പലാഷ് മുച്ചലും പ്രസ്താവനയിറക്കി. അടിസ്ഥാനരഹിതമായ കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി."എന്റെ ജീവിതത്തിൽ നിന്ന് മുന്നോട്ട് പോകാനും എന്റെ വ്യക്തിപരമായ ബന്ധത്തിൽ നിന്ന് പിന്മാറാനും ഞാൻ തീരുമാനിച്ചു. എനിക്ക് ഏറ്റവും പവിത്രമായി തോന്നിയ ഒന്നിനെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ കിംവദന്തികളോട് ആളുകൾ ഇത്ര എളുപ്പത്തിൽ പ്രതികരിക്കുന്നത് കാണുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു," മുച്ചൽ പറഞ്ഞു.
തെറ്റായതും അപകീർത്തികരവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കാൻ തന്റെ ടീം ഒരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു. വിവാഹ ചടങ്ങുകൾ നിർത്തിവെച്ചതിനുശേഷം സ്മൃതി മന്ദാന സാമൂഹിക മാധ്യമങ്ങളിൽ മൗനം പാലിച്ചിരിക്കുകയായിരുന്നു. ഡിസംബർ 5-ന് സോഷ്യൽ മീഡിയ ഇടവേള അവസാനിപ്പിച്ച അവർ ഒരു പരസ്യ വീഡിയോ പങ്കിട്ടെങ്കിലും, വിവാഹ നിശ്ചയ മോതിരം ധരിച്ചിട്ടില്ലെന്ന് ആരാധകർ ശ്രദ്ധിച്ചിരുന്നു. ഇത് വേർപിരിയൽ വാർത്ത ഉടൻ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. നിലവിൽ സ്മൃതി മന്ദാന ഇൻസ്റ്റാഗ്രാമിൽ പലാഷ് മുച്ചലിനെ അൺഫോളോ ചെയ്തിട്ടുണ്ട്.