ലഖ്‌നൗ : അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ച കേസിൽ പ്രതി അറസ്റ്റില്‍. വിവാഹം കഴിക്കാന്‍ സ്ത്രീ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് പ്രതി ഇമ്രാന്‍ (45) അവരെ കൊലപ്പെടുത്തിയത്. പശ്ചിമബംഗാള്‍ സ്വദേശിയായ ജോഷിന എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
നവംബര്‍ പതിനാലാം തീയതിയാണ് ഹാഥ്‌റസ് ജില്ലയിലെ ചാന്ദ്പയിലെ റോഡരികില്‍ ജോഷിനയുടെ മൃതദേഹം കണ്ടെത്തിയത്. ആഗ്രയിലെ താജ്ഗഞ്ച് സ്വദേശിയാണ് അറസ്റ്റിലായ ഇമ്രാന്‍.ജോഷിനയുടെ മകള്‍ മുംതാസിന്റെ വിവാഹം ആഗ്രാ സ്വദേശിയായ സത്താര്‍ എന്നയാളുമായി ഏർപ്പെടുത്തിക്കൊടുത്തത് ഇമ്രാന്‍ ആയിരുന്നു. ഇമ്രാന്റെ ഭാര്യയുടെ മാതാപിതാക്കള്‍ പശ്ചിമബംഗാളില്‍ ജോഷിനയുടെ അയല്‍വാസികളായിരുന്നു.
ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ ഇമ്രാനും ജോഷിനയും തമ്മില്‍ അടുപ്പത്തിലായി. നവംബര്‍ പത്താംതീയതി കൊച്ചുമകളായ മുംതാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ യുപിയിലെത്തി. തുടര്‍ന്ന് ഇമ്രാന്റെ വീട്ടിലെത്തി, തന്നെ വിവാഹം ചെയ്യണമെന്ന് നിര്‍ബന്ധിച്ചു. എന്നാല്‍, ഭാര്യയും മക്കളുമുള്ള ഇമ്രാന്‍ ഇതിന് വിസമ്മതിച്ചു.
നവംബര്‍ 13-ന് കൊല്‍ക്കത്തയില്‍ തിരിച്ചുകൊണ്ടുവിടാമെന്ന് പറഞ്ഞ് ജോഷിനയ്‌ക്കൊപ്പം ഇമ്രാന്‍ യാത്രതിരിച്ചു. ഇമ്രാന്‍ അവരുമൊത്ത് ഹാഥ്‌റസിലെ നഗ്‌ല ഭസ് ജങ്ഷനിലിറങ്ങി. പിന്നീട് അവരെ കഴുത്തുഞെരിച്ച് മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.