
ഇന്ത്യക്ക് എതിരെ ഒളിയമ്പുകൾ മാത്രം നെയ്യുന്ന പാകിസ്ഥാൻ അപ്രതീക്ഷിതമായി നിയന്ത്രണ രേഖ മുറിച്ച് ഇന്ത്യയിലേക്ക് കടന്നു. 1999 ലെ കൊടും തണുപ്പില്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിച്ച തക്കം നോക്കിയാണ് പാക്കിസ്ഥാന്‍ സൈനിക മേധാവി പര്‍വേസ് മുഷറഫിന്റെ ഉത്തരവനുസരിച്ച് പാക് സൈനികര്‍ ഭീകര വാദികളുടെ വേഷത്തിൽ കാര്‍ഗിലിലെ തന്ത്ര പ്രധാന മേഖലകളില്‍ നുഴഞ്ഞ് കയറിത്. അടിക്ക് തിരിച്ചടി എന്നവണ്ണം ഇന്ത്യൻ സേന പാകിസ്ഥാനെ മുട്ടുകുത്തിച്ചു. 1999 മെയ് 8 ന് ആരംഭിച്ച യുദ്ധം, ഒടുവിൽ മൂന്ന് മാസങ്ങൾക്ക് ഇപ്പുറം ജൂലൈ 26 ന് അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രി എബി വാജ്പേയി പ്രഖ്യാപിച്ചിരുന്നു.
ഓപ്പറേഷൻ സിന്ദൂരത്തിനിടെ ഇന്ത്യക്കാർ ഏറെ ആഘോഷമാക്കിയ രണ്ടു പേരുകളായിരുന്നു കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും. പാക് സൈന്യത്തെ മുട്ടുകുത്തിച്ച്, കാര്‍ഗില്‍ യുദ്ധസ്മരണകള്‍ക്ക് ഇന്ന് 26 വയസ്സ് തികയുമ്പോൾ, കാർഗിൽ യുദ്ധമുഖത്ത് പ്രധാന പങ്കുവഹിച്ച ആറ് വനിതാ പോരികളെ കുറിച്ച് അറിയാം. (Women warriors of Kargil War)
ഗുഞ്ചൻ സക്‌സേന
ഡൽഹിയിൽ ജനിച്ചു വളർന്ന ഗുഞ്ചൻ ഇന്ത്യൻ വ്യോമസേനയിൽ ഫ്ലൈറ്റ് ലെഫ്റ്റനന്റാണ്. 1999-ൽ പാകിസ്ഥാനെതിരായ കാർഗിൽ യുദ്ധത്തിൽ വ്യോമസേനയിൽ ചേർന്ന ഏക വനിതാ ഓഫീസറായിരുന്നു ഗുഞ്ചൻ. 1994-ൽ, ഇന്ത്യൻ വ്യോമസേനയിലെ വനിതാ ട്രെയിനി പൈലറ്റുമാരുടെ ആദ്യ ബാച്ചിലെ അംഗമായിരുന്നു ഗുഞ്ചൻ സക്‌സേന.
25 വയസ്സുള്ളപ്പോൾ, ഗുഞ്ചന് 132 ഫോർവേഡ് ഏരിയ കൺട്രോളിൽ (എഫ്എസി) നിയമനം ലഭിച്ചു. ഇന്ത്യ-പാകിസ്ഥാൻ യുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ യുദ്ധമുഖത്തേക്ക് പോകേണ്ടി വന്നു. ധീരമായ രക്ഷാപ്രവർത്തനങ്ങളിൽ തന്റെ ചീറ്റ ഹെലികോപ്റ്റർ പറത്തി, ശത്രുക്കളുടെ വെടിവയ്പ്പുകൾക്കിടയിലും, എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിൽ നിന്ന് പരിക്കേറ്റ സൈനികരെ ഒഴിപ്പിക്കുന്നതിൽ ഗുഞ്ചൻ നിർണായക പങ്കുവഹിച്ചു. ധീരതയ്ക്ക് ഗുഞ്ചൻ സക്‌സേനയ്ക്ക് ശൗര്യ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.
ശ്രീവിദ്യ രാജൻ
ഒരു വർഷത്തിലേറെ ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റായി സേവനമനുഷ്ഠിച്ച ശേഷം ശ്രീവിദ്യയെ ജമ്മു കശ്മീർ മേഖലയിലെ ഉദംപൂരിലേക്ക് നിയമിച്ചു. 1999-ൽ കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ശ്രീവിദ്യ രാജനും ഗുഞ്ചൻ സക്‌സേനയും അന്ന് യുദ്ധത്തിൽ പങ്കുചേർന്ന 25 അംഗ ഇന്ത്യൻ വ്യോമസേനാ സംഘത്തിന്റെ ഭാഗമായിരുന്നു.
പരിക്കേറ്റ സൈനികരെ രക്ഷപ്പെടുത്തി ശ്രീനഗറിലെ ആർമി ആശുപത്രിയിലേക്ക് കൊണ്ടുപോകുക എന്നതായിരുന്നു ശ്രീവിദ്യയുടെ ചുമതല. അന്ന് ഒട്ടനവധി പരിക്കേറ്റ സൈനികരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ അവർ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
മേജർ ഡോ. പ്രാച്ചി ഗാർഗ്
കാർഗിൽ യുദ്ധകാലത്ത് സേവനമനുഷ്ഠിച്ച ഏക വനിതാ മെഡിക്കൽ ഓഫീസർ എന്ന ബഹുമതി പ്രാച്ചിക്ക് സ്വന്തമാണ്. യുദ്ധസമയത്ത് സജീവമായി തുടർന്ന 8 മൗണ്ടൻ ഡിവിഷനിൽ നിന്നുള്ള ഏക വനിതാ സൈനിക ഓഫീസറായിരുന്നു മേജർ ഡോ. പ്രാച്ചി ഗാർഗ്. 1997 ൽ ഡോ. ഗാർഗ് ഇന്ത്യൻ ആർമിയിൽ മെഡിക്കൽ ഓഫീസറായി ചുമതലയേൽക്കുന്നു. ഏകദേശം അഞ്ചര വർഷം ആർമിയിൽ സേവനമനുഷ്ഠിച്ച് പ്രാച്ചി ഗാർഗ് കാർഗിൽ യുദ്ധത്തിൽ അവർ വഹിച്ച പങ്ക് വളരെവലുതായിരുന്നു. യുദ്ധസമയത്ത്, പരിക്കേറ്റ 200 ഓളം സൈനികരെ പ്രാച്ചി ഗാർഗ് ചികിത്സിച്ചിരുന്നു.
ക്യാപ്റ്റൻ യാഷിക ഹത്വാൾ ത്യാഗി
ക്യാപ്റ്റൻ യാഷിക 1994 ലാണ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നത്. 1997 ൽ, ലേയിലെ അതിശൈത്യമുള്ള കാലാവസ്ഥയുള്ള പ്രദേശത്തേക്ക് നിയമിക്കപ്പെടുന്ന ഇന്ത്യൻ സൈന്യത്തിലെ ആദ്യത്തെ വനിതാ ഓഫീസറായി ക്യാപ്റ്റൻ യാഷിക മാറി. കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ യാഷിക തന്റെ രണ്ടാമത്തെ കുഞ്ഞിന് ഗർഭിണിയായിരുന്നു. ഓപ്പറേഷൻ വിജയ് സ്റ്റാർ മെഡൽ ഉൾപ്പെടെ രണ്ട് മെഡലുകൾ ക്യാപ്റ്റൻ യാഷികയ്ക്ക് ലഭിച്ചു, യുദ്ധ റിപ്പോർട്ട് ലഭിക്കുന്ന ആദ്യത്തെ വനിതാ ഓഫീസർ കൂടിയാണ് ക്യാപ്റ്റൻ യാഷിക.
ക്യാപ്റ്റൻ രുചി ശർമ്മ
സിഗ്നൽ കോർപ്പ്സിലെ ഓഫീസറായി സേവനം ആരംഭിച്ച രുചി ശർമ്മ 1996 ലാണ് ഇന്ത്യൻ സൈന്യത്തിൽ ചേരുന്നത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഓപ്പറേഷണൽ പാരാട്രൂപ്പർ എന്ന ബഹുമതി ക്യാപ്റ്റൻ രുചിക്ക് സ്വന്തമാണ്. കാർഗിൽ പോരാട്ടത്തിനിടയിൽ, ദുർഘടമായ ഭൂപ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ആശയവിനിമയ ലൈനുകൾ നിലനിർത്തുക എന്ന നിർണായക ദൗത്യം ക്യാപ്റ്റൻ ശർമ്മക്കായിരുന്നു. 1999 ൽ, രുചി തന്റെ കോർപ്സിൽ നിന്ന് ഏറ്റവും മികച്ച ധീര വനിതയ്ക്കുള്ള "ജനറൽ ഒബ്റോയ് ട്രോഫി സ്വന്തമാക്കിയിരുന്നു.
മേജർ പ്രിയ ജിങ്കൻ
മേജർ പ്രിയയാണ് ഇന്ത്യൻ സൈന്യത്തിൽ ചേർന്ന ആദ്യ വനിത. കാർഗിൽ യുദ്ധകാലത്ത് ഇന്റലിജൻസ്, ലോജിസ്റ്റിക്സ് മേഖലയിലെ മുൻനിര സാന്നിധ്യമായി മേജർ പ്രിയ മാറിയിരുന്നു. ഇന്ത്യൻ സൈന്യത്തിലെ ജഡ്ജി അഡ്വക്കേറ്റ് ജനറൽ (ജെഎജി) വകുപ്പിൽ ചേർന്ന ആദ്യ വനിതകളിൽ ഒരാളെന്ന നിലയിൽ, സംഘർഷ മേഖലകളിൽ വിന്യസിച്ചിരിക്കുന്ന സേനകൾക്ക് നിയമോപദേശവും സഹായവും നൽകുന്നതിൽ മേജർ പ്രിയ വഹിച്ച പങ്ക് വളരെ വലുതാണ്.