ന്യൂഡൽഹി: സർക്കാർ വിരുദ്ധ പ്രക്ഷോഭം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുന്ന ഇറാനിൽ നിന്ന് ആവശ്യമെങ്കിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. അടിയന്തര സാഹചര്യം നേരിടാൻ രാജ്യം സജ്ജമാണെന്നും എല്ലാ സാധ്യതകളും പരിശോധിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.(Situation in Iran is critical, Ministry of External Affairs says ready to evacuate Indians if necessary)
ഇറാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കേണ്ടി വന്നാൽ അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. നേരത്തെ തന്നെ ഇന്ത്യൻ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും രാജ്യം വിടാനും എംബസി നിർദ്ദേശം നൽകിയിരുന്നു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയുമായി ഫോണിൽ ചർച്ച നടത്തി. ഇറാനിലെ സുരക്ഷാ സാഹചര്യങ്ങളും അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷയും ഇരുവരും സംസാരിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി നിശ്ചയിച്ചിരുന്ന ഇന്ത്യ സന്ദർശനം നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ചു.
അമേരിക്കൻ സൈനിക നടപടി ഉണ്ടാകുമെന്ന ഭീഷണിയും ആഭ്യന്തര പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വർദ്ധിക്കുന്നതും കണക്കിലെടുത്ത് അതിവേഗത്തിലുള്ള നീക്കങ്ങളാണ് വിദേശകാര്യ മന്ത്രാലയം നടത്തുന്നത്. വ്യോമമേഖല അടച്ച സാഹചര്യത്തിൽ മറ്റു സാധ്യതകളും രാജ്യം പരിശോധിക്കുന്നുണ്ട്.