

ഹൗറ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഐഡി കാർഡിലെ അക്ഷരത്തെറ്റ് തിരുത്താൻ കഴിയാത്തതിലുള്ള മനോവിഷമം കാരണം യുവാവ് ജീവനൊടുക്കി. ഹൗറയിലെ ഉലുബെരിയ, ഖലിസനി സ്വദേശിയായ 30-കാരൻ ജാഹിർ മാലാണ് മരിച്ചത്. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.(SIR terror, Youth commits suicide in Howrah)
ഐഡി കാർഡിലെ പേരിൽ അക്ഷരത്തെറ്റ് കണ്ടെത്തിയതിനെ തുടർന്ന് ജാഹിർ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (SIR) പശ്ചാത്തലത്തിൽ, ഈ അക്ഷരത്തെറ്റ് പൗരത്വം തെളിയിക്കുന്നതിൽ വെല്ലുവിളിയാകുമോ എന്ന് ജാഹിർ ഭയപ്പെട്ടിരുന്നു.
അക്ഷരത്തെറ്റ് തിരുത്തുന്നതിനായി ഇയാൾ പല സർക്കാർ ഓഫീസുകളിലും കയറിയിറങ്ങിയെങ്കിലും എവിടെ നിന്നും പരിഹാരം സാധ്യമായില്ല. ഇതേത്തുടർന്നുണ്ടായ കടുത്ത നിരാശയിലാണ് ഇയാൾ ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു.
ഈ സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, സംസ്ഥാന മന്ത്രി പുലക് റോയിയോട് ഉടൻ മരിച്ചയാളുടെ വീട് സന്ദർശിക്കാനും കുടുംബാംഗങ്ങളോട് സംസാരിക്കാനും നിർദേശം നൽകി.
ഒരാഴ്ചയ്ക്കിടെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ ഭീതിയിൽ സംസ്ഥാനത്ത് ഏഴ് പേർ ജീവനൊടുക്കിയെന്നും അഭിഷേക് ബാനർജി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും തമ്മിൽ രാഷ്ട്രീയപരമായ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.