അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും : തമിഴ്‌നാട്ടിൽ SIR നടപടികൾ സ്തംഭിക്കും, റവന്യു ജീവനക്കാർ നാളെ മുതൽ വിട്ടുനിൽക്കും | SIR

ജീവനക്കാർ ഇന്ന് എല്ലാ താലൂക്ക്, ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധിക്കും
അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും : തമിഴ്‌നാട്ടിൽ SIR നടപടികൾ സ്തംഭിക്കും, റവന്യു ജീവനക്കാർ നാളെ മുതൽ വിട്ടുനിൽക്കും | SIR
Published on

ചെന്നൈ: തമിഴ്‌നാട്ടിൽ റവന്യു ജീവനക്കാർ നാളെ മുതൽ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികളിൽ സഹകരിക്കില്ല. അമിത ജോലിഭാരം, ജില്ലാ കളക്ടർമാർ മാനസികമായി സമ്മർദ്ദത്തിലാക്കുന്നു എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് ജീവനക്കാരുടെ സംഘടനയായ ഫെറ ഈ തീരുമാനമെടുത്തത്.(SIR process to come to a standstill in Tamil Nadu, revenue employees to stay away)

എസ്.ഐ.ആർ. നടപടികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനുള്ള കാരണങ്ങളായി ഫെറ ചൂണ്ടിക്കാട്ടുന്ന പ്രധാന വിഷയങ്ങൾ അമിത ജോലിഭാരമടക്കമുള്ളവയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഏൽപ്പിച്ച ജോലിയുമായി ബന്ധപ്പെട്ട് കടുത്ത ജോലിഭാരം അനുഭവിക്കുന്നു. ശരിയായ പരിശീലനം നൽകാതെയാണ് ജീവനക്കാരെ നടപടികൾക്കായി നിയോഗിച്ചത്.

ജില്ലാ കളക്ടർമാർ അർദ്ധരാത്രി വരെ നടത്തുന്ന അവലോകന യോഗങ്ങളും, ദിവസം മൂന്ന് തവണയുള്ള വീഡിയോ കോൺഫറൻസുകളും കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കുന്നു. മതിയായ ജീവനക്കാരെ നിയമിച്ചിട്ടില്ല, ആവശ്യത്തിന് ഫണ്ട് അനുവദിച്ചിട്ടില്ല.

ഈ വിഷയങ്ങൾ ഉന്നയിച്ച് ജീവനക്കാർ ഇന്ന് എല്ലാ താലൂക്ക്, ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധിക്കും. ജില്ലാ കളക്ടർമാർ നടത്തുന്ന അനാവശ്യമായ അവലോകന യോഗങ്ങളും വീഡിയോ കോൺഫറൻസുകളും അവസാനിപ്പിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ബി.എൽ.ഒ.മാരായി ജോലി ചെയ്യുന്ന മറ്റ് വിഭാഗങ്ങളായ അങ്കണവാടി ജീവനക്കാർ, മുനിസിപ്പൽ-കോർപ്പറേഷൻ ജീവനക്കാർ, അധ്യാപകർ, ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവരും റവന്യു ജീവനക്കാരുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നീക്കം തമിഴ്‌നാട്ടിലെ വോട്ടർ പട്ടിക പരിഷ്‌കരണ നടപടികളെ പൂർണ്ണമായി സ്തംഭിപ്പിച്ചേക്കാം.

Related Stories

No stories found.
Times Kerala
timeskerala.com