ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബിഹാറിലെ വോട്ടർപട്ടിക പുതുക്കുന്നതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികളാണ് പ്രധാനമായും കോടതിയുടെ പരിഗണനയിലുള്ളത്. അതേസമയം, ഉത്തർപ്രദേശിലെ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ കരട് പട്ടിക ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കും.(SIR Petitions from states including Bihar to be heard in Supreme Court today)
ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിൽ വ്യാപകമായി വോട്ടർമാരെ ഒഴിവാക്കുന്നു എന്ന പരാതിയുമായാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. ഇതിനൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ പരിഷ്കരണ നടപടികളും കോടതി ഇന്ന് നിരീക്ഷിക്കും. എന്നാൽ, കേരളത്തിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 15-നാണ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
2002-ന് ശേഷം കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ വോട്ടർപട്ടിക ശുദ്ധീകരണമാണിത്. കേരളത്തിലെ കരട് പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ വോട്ടർമാർ: 2,54,42,352, ഒഴിവാക്കപ്പെട്ടവർ: 24,08,503 പേർ, 1,23,83,341 പുരുഷന്മാർ, 1,30,58,731 സ്ത്രീകൾ, 280 ട്രാൻസ്ജെൻഡറുകൾ എന്നിങ്ങനെയാണ് കണക്ക്.
പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്കും പുതുതായി പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്കും ജനുവരി 22 വരെ അപേക്ഷിക്കാം. ഒഴിവാക്കപ്പെട്ടവർ സത്യവാങ്മൂലത്തോടൊപ്പം നിശ്ചിത ഫോം പൂരിപ്പിച്ച് നൽകണം. voters.eci.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും അപേക്ഷിക്കാം.
പരാതികൾ പരിഗണിക്കാൻ ആയിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ചില ബൂത്തുകളിൽ അസ്വാഭാവികമായ രീതിയിൽ വോട്ടർമാരെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് പരിശോധിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ നിർദ്ദേശം നൽകിയിട്ടുണ്ട്. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 7-ന് പ്രസിദ്ധീകരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.