ന്യൂഡൽഹി: എസ്.ഐ.ആർ കാരണം പശ്ചിമ ബംഗാളിൽ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ, നാനൂറിലധികം പേർ അതിർത്തി കടക്കാൻ കാത്തുനിൽക്കുന്നതായാണ് വിവരം.(SIR crisis, Number of people returning to Bangladesh from Bengal is increasing)
അതിർത്തിയിലെ ഈ അസാധാരണമായ സാഹചര്യം നിലനിൽക്കെയാണ് ബംഗ്ലാദേശ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ.എസ്.എ.) ഡോ. ഖലീലുർ റഹ്മാൻ ഇന്ത്യൻ എൻ.എസ്.എ. അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയത്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന് ശേഷം ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ആദ്യത്തെ നിർണ്ണായക കൂടിക്കാഴ്ചയായിരുന്നു ഇത്.
അതിർത്തി കടക്കാൻ കാത്തുനിൽക്കാൻ അനുദിനം നിരവധി ആളുകൾ എത്തുന്നതടക്കമുള്ള സുപ്രധാന ഉഭയകക്ഷി വിഷയങ്ങൾ ചർച്ചയായിട്ടുണ്ട് എന്നാണ് സൂചന. ബുധനാഴ്ച ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കൊളംബോ സെക്യൂരിറ്റി കോൺക്ലേവിൻ്റെ ഏഴാമത് എൻ.എസ്.എ. തല യോഗത്തിന് മുന്നോടിയായാണ് റഹ്മാൻ ഡൽഹിയിൽ എത്തിയത്. ഇരു രാജ്യങ്ങൾക്കുമിടയിൽ ആശയവിനിമയം തുടരാൻ ധാരണയായിട്ടുള്ളത് നയതന്ത്രപരമായ ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണ്ണായകമാകും.