
ദിസ്പൂർ: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. നന്ദേശ്വർ ബോറ, പരേഷ് ബൈശ്യ എന്നിവരാണ് അറസ്റ്റിലായത്.
സുരക്ഷാ ഉദ്യോഗസ്ഥരെ കൂടാതെ, സുബീന്റെ ബന്ധുവും അസം പോലീസ് സർവീസ് ഉദ്യോഗസ്ഥനുമായ സന്ദീപൻ ഗാർഗിനെയും അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ഈ സുരക്ഷാ ഉദ്യോഗസ്ഥർ ഏറെക്കാലമായി സുബീനൊപ്പം ഉണ്ടായിരുന്നവരാണ്.
ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ, സുബീന്റെ മാനേജർ സിദ്ധാർഥ് ശർമ, സിംഗപ്പൂരിൽ നടന്ന ഫെസ്റ്റിന്റെ സംഘാടകൻ ശ്യാംകനു മഹന്ത എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മരണത്തിലെ ദുരൂഹത തുടരുന്നു
സെപ്റ്റംബർ 19-നാണ് സിംഗപ്പൂരിൽ വെച്ച് സ്കൂബ ഡൈവിംഗിനിടെ സുബീൻ ഗാർഗ് മരിക്കുന്നത്. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന സുബീനെ ആരും തന്നെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിരുന്നു.
സുബീന്റെ മരണത്തിൽ ദുരൂഹത വർദ്ധിപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ബാൻഡംഗമായ ശേഖർ ജ്യോതി ഒരു ആരോപണം ഉന്നയിച്ചിരുന്നു. സിംഗപ്പൂരിൽ വെച്ച് സുബീന് വിഷം കലർത്തി നൽകിയതാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ശേഖർ ജ്യോതിയുടെ ആരോപണം. ഈ സാഹചര്യത്തിൽ സുബീന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്.