ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ധരിച്ച വാച്ചിനെച്ചൊല്ലി പുതിയ വിവാദം. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയിലെത്തിയപ്പോൾ സിദ്ധരാമയ്യ ധരിച്ചിരുന്നത് 43 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര വാച്ചാണെന്നാണ് ബി.ജെ.പി. ആരോപിക്കുന്നത്.(Siddaramaiah's watch in controversy again, BJP says it is a luxury watch worth Rs 43 lakh)
സോഷ്യലിസ്റ്റാണെന്ന് അവകാശപ്പെടുന്ന സിദ്ധരാമയ്യ അത്യാഡംബര വാച്ച് കെട്ടുന്നതിൽ കുഴപ്പമില്ലേയെന്ന് ബി.ജെ.പി. പരിഹസിച്ചു. പ്രമുഖ വാച്ച് ബ്രാൻഡായ കാർട്ടിയറിന്റെ റോസ് ഗോൾഡ് നിറത്തിലുള്ള ലക്ഷ്വറി വാച്ചാണ് സിദ്ധരാമയ്യയുടെ കൈവശമുള്ളത്. സാന്റോസ് ഡി കാർട്ടിയർ സാന്റോസ് ശേഖരത്തിലെ ഏറ്റവും വില കൂടിയ വാച്ചുകളിലൊന്നാണിത്.
പൂർണ്ണമായും 18 കാരറ്റ് റോസ് ഗോൾഡിൽ നിർമ്മിച്ച ഡയലും ബ്രേസ്‌ലെറ്റുമാണ് വാച്ചിന്റെ ആകർഷണം. സെൽഫ്-വൈൻഡിംഗ് മെക്കാനിക്കൽ മൂവ്‌മെന്റ് ഉള്ള ഈ വാച്ചിന് 1904-ലെ യഥാർത്ഥ സാന്റോസ് ഡിസൈനിന്റെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന എക്‌സ്‌പോസ്ഡ് സ്ക്രൂകളടങ്ങിയ ചെയിനും നീല നിറത്തിലുള്ള ക്രൗണുമുണ്ട്.
2016-ൽ സിദ്ധരാമയ്യ 70 ലക്ഷം രൂപ വിലമതിക്കുന്ന വാച്ച് ധരിക്കുന്നത് വിവാദമായിരുന്നു. അന്ന് ഒരു സുഹൃത്ത് സമ്മാനമായി നൽകിയ വാച്ച് പിന്നീട് അദ്ദേഹം സർക്കാർ സ്വത്തായി പ്രഖ്യാപിക്കുകയായിരുന്നു. പഴയ ചിത്രവും ഇപ്പോഴത്തെ ചിത്രവും 'എക്സി'ൽ പങ്കുവെച്ച ബി.ജെ.പി., സിദ്ധരാമയ്യയെ 'വ്യാജ സോഷ്യലിസ്റ്റ്' എന്ന് വിശേഷിപ്പിക്കുന്നു.
വിമർശനങ്ങളോട് പ്രതികരിച്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, താൻ ധരിച്ചിരിക്കുന്ന വാച്ച് അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയതാണെന്ന് വ്യക്തമാക്കി. ഡി.കെ. ശിവകുമാറും ഇതേ ബ്രാൻഡ് വാച്ചാണ് ധരിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയ സന്ദർശനത്തിനിടെ 24 ലക്ഷം രൂപ നൽകി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് വാച്ച് വാങ്ങിയതെന്നും ഇതിന് രേഖകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യക്ക് വാച്ച് വാങ്ങി ധരിക്കാൻ അവകാശമുണ്ട്. അത് മകനോ ഭാര്യയോ സമ്മാനമായി നൽകിയതാകാം. ആ വാച്ചിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. ഈ പ്രചാരണത്തെ ചെറുക്കാൻ, പ്രധാനമന്ത്രി ലക്ഷങ്ങളുടെ കോട്ടും സ്യൂട്ടും കണ്ണടയും ധരിക്കുന്നതിന്റെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.