ബെംഗളൂരു: കർണാടകയിൽ നവംബറിൽ മുഖ്യമന്ത്രി മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ ക്ഷോഭിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നവംബറിൽ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന അഭ്യൂഹത്തെക്കുറിച്ച് വിധാൻസൗധയിൽവെച്ച് അഭിപ്രായം ചോദിച്ചപ്പോഴാണ് അദ്ദേഹം രോഷാകുലനായത്.(Siddaramaiah reacts angrily to question about CM term change)
"ആരാണ് നിങ്ങളോട് ഇത് പറഞ്ഞത്? ശിവകുമാർ പറഞ്ഞോ?" സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് തിരിച്ചുചോദിച്ചു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ നവംബർ 20-ന് രണ്ടര വർഷം പൂർത്തിയാക്കും. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറുമായി ഉണ്ടാക്കിയ 'അധികാര പങ്കിടൽ കരാർ' പ്രകാരം നവംബർ 20-ന് ശേഷം കർണാടക കോൺഗ്രസ് പ്രസിഡന്റ് കൂടിയായ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമായ ചർച്ച.
എന്നാൽ, ഈ വിഷയത്തിൽ സിദ്ധരാമയ്യയോ ശിവകുമാറോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 'എല്ലാം ഹൈക്കമാൻഡ് പറയുമെന്നാണ്' പാർട്ടി നേതാക്കൾ ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം.
അതേസമയം, സിദ്ധരാമയ്യയെ മാറ്റുകയാണെങ്കിൽ, ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരാൾ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവും സംസ്ഥാനത്ത് ശക്തമായി ഉയരുന്നുണ്ട്. കർണാടക രാഷ്ട്രീയത്തിൽ ഏറെ ചർച്ചയാകുന്ന ഈ വിഷയം, വരും ദിവസങ്ങളിലും വാർത്താ പ്രാധാന്യം നേടുമെന്നുറപ്പാണ്.