

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടി ഓസ്കർ ജേതാവ് എം.എം. കീരവാണി ഈണമിട്ട ഗാനം ആലപിച്ച സന്തോഷം പങ്കുവെച്ച് ശ്രുതി ഹാസൻ. ഗ്ലോബ്ട്രോട്ടർ എന്ന പേരിൽ പുറത്തിറങ്ങിയ ഗാനമാണ് ശ്രുതി ആലപിച്ചത്. കീരവാണിയുടെ ഈണത്തിൽ ഒരുപാട്ടുപാടാൻ കഴിഞ്ഞതിലുള്ള സന്തോഷവും അവർ പങ്കുവെച്ചു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോക്കൊപ്പം ഒരു കുറിപ്പും അവർ എഴുതിയിട്ടുണ്ട്. (Shruti Haasan)
സംഗീത സംവിധായകൻ എം.എം. കീരവാണി കീബോർഡിൽ ഒരു ഗാനം വായിക്കുന്നതാണ് വീഡിയോയിലുള്ളത്. ശ്രുതി ഹാസൻ സമീപത്തിരുന്ന് അത് ആസ്വദിക്കുകയാണ്. കമൽഹാസന്റെ ഹിറ്റ് ഗാനമായ 'തെൻപാണ്ടി സീമയിലെ' ആണ് കീരവാണി വായിക്കുന്നത്. ഇതേക്കുറിച്ചാണ് ശ്രുതിഹാസൻ ഹൃദയസ്പർശിയായ കുറിപ്പെഴുതിയിരിക്കുന്നത്.
"ഞാൻ നിശ്ശബ്ദയായി ഇരുന്ന് സാർ കീബോർഡ് വായിക്കുന്നത് കേൾക്കുകയായിരുന്നു. അദ്ദേഹം സാധാരണയായി വിഘ്നേശ്വര മന്ത്രത്തോടെയാണ് സെഷനുകൾ ആരംഭിക്കുന്നതെന്ന് പറഞ്ഞിരുന്നു, അതിനാൽ അദ്ദേഹം വായിക്കുന്നത് അതാണെന്ന് ഞാൻ കരുതി. പെട്ടന്നാണ് അത് അപ്പയുടെ പാട്ടാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ആ നിമിഷം വളരെ സവിശേഷമായിരുന്നു. സാർ, താങ്കളുടെ ദയയ്ക്കും ടീമിലെ എല്ലാവരുടെയും ഊഷ്മളമായ പെരുമാറ്റത്തിനും നന്ദി." ശ്രുതിഹാസൻ പറഞ്ഞു.
മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരൻ, പ്രിയങ്കാ ചോപ്ര എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ. ചിത്രത്തിലെ ക്രൂരനായ വില്ലൻ കുംഭയായി എത്തുന്ന പൃഥ്വിരാജ് സുകുമാരന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ അവർ പുറത്തുവിട്ടിരുന്നു.'ഗ്ലോബ്‌ട്രോട്ടർ' ഇവന്റ് അടുത്തുവരുന്നതിനാൽ അണിയറപ്രവർത്തകർ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആദ്യത്തെ ഇവന്റ് നവംബർ 15-ന് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ വെച്ച് നടക്കുമെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. ഇക്കാര്യം ഇപ്പോൾ പുറത്തുവന്ന ഗാനത്തിലും പറയുന്നുണ്ട്.
ചിത്രത്തിന്റെ ഔദ്യോഗികമായ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ ഇവന്റിനെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമാണ്. RRR എന്ന ചിത്രത്തിനുശേഷം രാജമൗലി സംവിധാനംചെയ്യുന്ന ചിത്രമാണ് SSMB29.