14 വർഷം പഴക്കമുള്ള ഒരു ഭക്തിഗാന വീഡിയോ യൂട്യൂബിൽ ചരിത്രം കുറിച്ചിരിക്കുകയാണ്. അന്തരിച്ച ഗുൽഷൻ കുമാർ അവതരിപ്പിച്ച 'ശ്രീ ഹനുമാൻ ചാലിസ' വീഡിയോ 5 ബില്യൺ (500 കോടി) കാഴ്ചക്കാർ എന്ന നാഴികക്കല്ല് പിന്നിട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഇന്ത്യൻ അപ്‌ലോഡ് എന്ന പദവി ഇതോടെ ഹനുമാൻ ചാലിസയ്ക്ക് ലഭിച്ചു. നിലവിൽ മറ്റു മുൻനിര ഇന്ത്യൻ വീഡിയോകൾ 2 ബില്യണിൽ താഴെ കാഴ്ചകൾ മാത്രമാണ് നേടിയിട്ടുള്ളത്.
ടി-സീരീസ് 2011 മെയ് 10നാണ് ഇത് റിലീസ് ചെയ്തത്. നിലവിലെ വ്യൂസ് 5,006,713,956-ൽ അധികമാണ്. ഹരിഹരന്റെ ശബ്ദവും ലളിത് സെന്നിന്റെ സംഗീത സംവിധാനവുമാണ് ഈ ഗാനത്തിനുള്ളത്. ആഗോളതലത്തിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മികച്ച 10 വീഡിയോകളിൽ ഒന്നായി ഇത് മാറി. ടി-സീരീസിന്റെ മാനേജിംഗ് ഡയറക്ടർ ഭൂഷൺ കുമാർ ഈ നേട്ടത്തിൽ നന്ദി അറിയിച്ചു.
"എന്റെയടക്കം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിൽ ഹനുമാൻ ചാലിസയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. എന്റെ പിതാവ് ശ്രീ ഗുൽഷൻ കുമാർ ജി തന്റെ ജീവിതം എല്ലാ വീട്ടിലും ആത്മീയ സംഗീതം എത്തിക്കുന്നതിനായി സമർപ്പിച്ചു. ഈ നാഴികക്കല്ല് അദ്ദേഹത്തിന്റെ ദർശനത്തിന്റെ പ്രതിഫലനമാണ്. 5 ബില്യൺ വ്യൂസ് കടന്നതും യൂട്യൂബിന്റെ എക്കാലത്തെയും ഏറ്റവും കൂടുതൽ ആളുകൾ കണ്ട മികച്ച 10 വീഡിയോകളിൽ ഒന്നായതും ഒരു ഡിജിറ്റൽ നേട്ടം മാത്രമല്ല, ഈ രാജ്യത്തെ ആളുകൾക്കുള്ള അചഞ്ചലമായ ഭക്തിയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്."
'ശ്രീ ഹനുമാൻ ചാലിസ' നേടിയ കണക്കുകളുടെ അടുത്തെങ്ങും ഒരു ഇന്ത്യൻ റിലീസും എത്തിയിട്ടില്ല. ഏറ്റവും കൂടുതൽ ആളുകൾ കണ്ട മറ്റ് ഇന്ത്യൻ വീഡിയോകളിൽ ചിലത്, 'ലെഹങ്ക' (പഞ്ചാബി ഗാനം) - രണ്ടാമത്. '52 ഗജ് കാ ദമൻ' (ഹരിയാൻവി), 'റൗഡി ബേബി' (തമിഴ്) - 1.7 ബില്യൺ വീതം കാഴ്ചക്കാർ എന്നിവയാണ്. ഇതിനു പുറമെ 'സരൂരി താ', 'വാസ്തെ', 'ലാങ് ലാച്ചി', 'ലുട്ട് ഗയേ', 'ദിൽബാർ', 'ബം ബം ബോലെ' തുടങ്ങിയ വീഡിയോകളും ടോപ് ബ്രാക്കറ്റിലുണ്ട്.
ആഗോളതലത്തിൽ, 'ബേബി ഷാർക്ക് ഡാൻസ്' (16.38 ബില്യൺ), 'ഡെസ്പാസിറ്റോ' (8.85 ബില്യൺ), 'വീൽസ് ഓൺ ദി ബസ്' (8.16 ബില്യൺ) തുടങ്ങിയ ഭീമൻ വീഡിയോകളുടെ കൂട്ടത്തിൽ 'ശ്രീ ഹനുമാൻ ചാലിസ' ഇപ്പോൾ ഇടം നേടിയിരിക്കുന്നു.