
2022 ഒക്ടോബർ, മഹാരാഷ്ട്രയിലെ മണിക്പൂർ പോലീസ് സ്റ്റേഷനിൽ ഒരു മധ്യവയസ്‌കൻ എത്തുന്നു. വികാസ് വാൾക്കർ തന്റെ മകളെ കാണാനില്ല എന്ന പരാതിയുമായാണ് എത്തിയത്. അദ്ദേഹത്തിന്റെ 27 വയസ്സുള്ള മകൾ ശ്രദ്ധ രണ്ട് മാസത്തിലേറെയായി വിളിക്കുകയോ മെസ്സേജ് അയയ്ക്കുകയോ ചെയ്തിട്ട്. ഇന്ന് മകളെ കുറിച്ച് യാതൊരു വിവരവുമില്ല. മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്, വാട്ട്‌സ്ആപ്പ് ചാറ്റുകളും നിലച്ചു. സുഹൃത്തുക്കൾക്ക് പോലും അറിയില്ല ശ്രദ്ധക്ക് എന്ത് സംഭവിച്ചു എന്ന്. (Murder of Shraddha Walkar)
ശ്രദ്ധയുടെ പിതാവിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുന്നു. കുറച്ചു അധികം മാസങ്ങളായി മകൾ വീട്ടിലേക്ക് വിളിച്ചിട്ട്. വീട്ടുകാരുമായി അവസാനമായി സംസാരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു. അവസാനമായി മകൾ എപ്പോഴാണ് വിളിച്ചതെന്നും വ്യക്തമല്ല. വീട്ടുകാരുമായി ശ്രദ്ധ വിട്ടുമാറി നിൽക്കാൻ പ്രധന കാരണം അവളുടെ കാമുകനാണ്. അഫ്താബ് പൂനാവാല എന്ന യുവാവുമായി ശ്രദ്ധ അടുപ്പത്തിലായിരുന്നു. എന്നാൽ, ഈ ബന്ധം ശ്രദ്ധയുടെ വീട്ടുകാർക്ക് തീരെ താൽപര്യമുണ്ടായിരുന്നില്ല. അവർ ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. എന്നാൽ വീട്ടുകാരുടെ എതിർപ്പുകൾ വകവയ്ക്കാതെ ശ്രദ്ധ അഫ്താബുമായുള്ള ബന്ധം തുടരുന്നു.
മകളെ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ പല തവണ വീട്ടുകാർ ശ്രമിച്ചുവെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇതിന്റെ പേരിൽ അച്ഛനും മകളും നിരന്തരം കലഹിക്കുമായിരുന്നു. പതിയെ പതിയെ ശ്രദ്ധ വീട്ടുകാരെ വിളിക്കാതെയായി. പങ്കാളിയായ അഫ്താബ് പൂനാവാലയ്‌ക്കൊപ്പം താമസം മാറിയ വിവരം ശ്രദ്ധയുടെ സുഹൃത്തുകൾ മുഖാന്തരം വീട്ടുകാർ അറിഞ്ഞിരുന്നു. അവൾ ഒരു ലിവ്-ഇൻ ബന്ധത്തിലായിരുന്നുവെന്ന് വീട്ടുകാർക്ക് അറിയാമായിരുന്നു, പക്ഷേ അവൾ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്, അല്ലെങ്കിൽ അവൾ സുരക്ഷിതയാണോ എന്ന് പോലും വ്യക്തമല്ല.
മഹാരാഷ്ട്ര പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ ശ്രദ്ധ ഡൽഹിയിലാണ് താമസം എന്ന് തെളിഞ്ഞിരുന്നു. ശ്രദ്ധയുടെ ഫോൺ സന്ദേശങ്ങൾ പരിശോധിക്കാൻ തുടങ്ങിയപ്പോൾ ഒരു കാര്യം വ്യക്തമായി ശ്രദ്ധ മാസങ്ങൾക്ക് മുമ്പ് തന്നെ ഡൽഹിയിലേക്ക് താമസം മാറിയിരുന്നു. ശ്രദ്ധയുടെ സുഹൃത്തുക്കൾ പോലീസിന് നൽകിയ മൊഴി അനുസരിച്ച് ശ്രദ്ധയുടെ കാമുകനിലേക്കായി പോലീസിന്റെ അന്വേഷണം. ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. 2019-ൽ, കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി, അവൾ അവനോടൊപ്പം താമസിക്കാൻ തീരുമാനിക്കുന്നു. കഷ്ടിച്ച് അറിയാവുന്ന ഒരു വ്യക്തിയുമായി മകൾ ഒരുമിച്ച് താമസിക്കുന്നതിൽ വീട്ടുകാർ എതിർപ്പ് വ്യക്തമാക്കിയിരുന്നു. രണ്ടു വ്യത്യസ്ത മതസ്ഥരായ ഇരുവരുടെയും ബന്ധം ഇരു കുടുംബങ്ങൾക്കും അംഗീകരിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. എന്നാൽ ഇതൊന്നും ശ്രദ്ധ വകവച്ചിരുന്നില്ല.
ശ്രദ്ധയുടെ ചില സുഹൃത്തുക്കൾ പോലീസിന് നൽകിയ മൊഴിയിൽ, അഫ്താബ് ശ്രദ്ധയെ നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നതായി പറയുന്നു. ഇരുവരും തമ്മിൽ വാക്ക് തർക്കങ്ങൾ നിത്യകഥയായിരുന്നു. ഇങ്ങനെ പരസ്പരം കലഹിക്കുമ്പോൾ എല്ലാം അഫ്താബ് ശ്രദ്ധയെ തല്ലുമായിരുന്നു. തന്നെ അഫ്താബ് മർദിക്കുന്ന വിവരം സുഹൃത്തുക്കളോട് ഏറെ സങ്കടത്തോടെയാണ് ശ്രദ്ധ പങ്കുവയ്ക്കുന്നത്. ഇനി നീ അവനോടൊപ്പം താമസിക്കണ്ട എന്ന് ഉറ്റ സുഹൃത്തുക്കൾ തന്നെ പറയുമായിരുന്നു. എന്നാൽ ഇതൊന്നും ശ്രദ്ദ ചെവികൊണ്ടതുമില്ല. ചെലവുകളുടെയും വിശ്വാസ വഞ്ചനയുടെ പേരിലായിരുന്നു ഇരുവരും പലപ്പോഴും കലഹിക്കുന്നത്.
അങ്ങനെ പോലീസ് അഫ്താബിനെ കസ്റ്റഡിയിലെടുക്കുന്നു. ശ്രദ്ധയെ കുറിച്ച് അന്വേഷിച്ചപ്പോൾ, അവൾ എന്നെ വിട്ട് പോയിട്ട് കുറച്ചു അധികം ദിവസമായി. തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് അവൾ വീട് വിട്ടുപോയി. പിന്നെ തിരിച്ചുവന്നിട്ടില്ല. ഇതായിരുന്നു അഫ്താബിന്റെ വാക്കുകൾ. എന്നാൽ അഫ്താബിന്റെ വാക്കുകൾ പോലീസ് വിലയ്‌ക്കെടുക്കുന്നില്ല. അയാൾ എന്തൊക്കെയോ മറയ്ക്കുന്നത് പോലെ. അഫ്താബിന്റെ വാക്കുകളിൽ വിടവുകൾ ഏറെയായിരുന്നു. ഇരുവരും ഒരുമിച്ച് താമസിച്ച അപ്പാർട്മെന്റിൽ അപ്പോഴും ശ്രദ്ധയുടെ വസ്‌തുക്കൾ ഉണ്ടായിരുന്നു. മോത്തിൽ ഒരു പന്തികേട് പോലെ. തന്നോടൊപ്പം താമസിച്ച ഒരാളെ കാണാതെയാകുമ്പോൾ സ്വാഭാവികമായും ആരായാലും പോലീസിൽ പരാതിപ്പെടും, എന്നാൽ അഫ്താബ് അങ്ങനെയൊന്നു ചെയ്തിരുന്നില്ല. അന്വേഷണം ഓരോ ദിവസം പുരോഗമിക്കുംതോറും, തിരോധാനം കൊലപാതക അന്വേഷണമായി മാറി. തുടർച്ചയായ ചോദ്യം ചെയ്യലുകൾക്ക് ഒടുവിൽ അഫ്താബ് പൊട്ടിക്കരഞ്ഞു, ഒടുവിൽ കുറ്റസമ്മതം നടത്തി -
"ഞാൻ അവളെ കൊന്നു"
അഫ്താബ് പറഞ്ഞു തുടങ്ങി. 2022 മെയ് 18 ന്, അവരുടെ ഒറ്റമുറി അപ്പാർട്ട്മെന്റിൽ വെച്ച് ഉണ്ടായ ചൂടേറിയ തർക്കത്തിനൊടുവിൽ, അഫ്താബ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശ്രദ്ധ കൊല്ലപ്പെട്ടു എന്ന് ഉറപ്പുവരുത്തിയ ശേഷം ശ്രദ്ധയുടെ മൃതദേഹം കുളിമുറിയിലേക്ക് മാറ്റി. ശേഷം മൂർച്ചയുള്ള കത്തികൊണ്ട് ആദ്യം അവളുടെ കൈകൾ മുറിച്ച് ഒരു പോളിത്തീൻ ബാഗിൽ ആകുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അയാൾ അവളുടെ ശരീരം 35 കഷണങ്ങളായി വെട്ടിമുറിക്കുന്നു. ആരുടേതാണ് എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ വെൽഡിംഗ് മെഷീൻ ഉപയോഗിച്ച് ശ്രദ്ധയുടെ മുഖം വികൃതമാക്കി. അവളുടെ വെട്ടിമുറിച്ച മൃതദേഹം 300 ലിറ്റർ ഫ്രിഡ്ജിലായിരുന്നു സൂക്ഷിച്ചിരുന്നത്.
ആഴ്ചകളോളം ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിൽ തന്നെ കിടന്നു. എല്ലാ രാത്രിയിലും, പുലർച്ചെ 3 മണിയോടെ, അഫ്താബ് ഒരു ബാഗിൽ ശരീര അവശിഷ്ടങ്ങൾ ചുമന്ന് പുറത്തിറങ്ങും. ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം അവ ക്രമേണ ഛത്തർപൂർ വനത്തിൽ ഉപേക്ഷിക്കും. ഇതേ സമയത്ത് തന്നെയാണ് അഫ്താബ് മറ്റൊരു സ്ത്രീയുമായി ബന്ധത്തിലാകുന്നതും, ശ്രദ്ധയുടെ മോതിരം അഫ്താബ് പുതിയ കാമുകിക്ക് സമ്മാനിക്കുന്നതും. അഫ്താബിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ ശ്രദ്ധയുടെ ശവശരീരത്തിന്റെ അവശിഷ്ട്ടങ്ങൾ കണ്ടെത്തുന്നു. കോടതിയിൽ അഫ്താബ് കുറ്റങ്ങൾ എല്ലാം സമ്മതിക്കുന്നു. നിലവിൽ ഡൽഹി സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്.